ആഫ്രിക്കയിൽ നിന്നും എത്തുന്ന ചീറ്റകളെ ജന്മദിനത്തിൽ സ്വാഗതം ചെയ്യാനൊരുങ്ങി മോദി
text_fieldsന്യൂഡൽഹി: നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ശനിയാഴ്ച ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തുന്ന ചീറ്റകളെ മോദി സ്വാഗതം ചെയ്യുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അഞ്ച് ആൺ ചീറ്റകളും മൂന്ന് പെൺ ചീറ്റകളുമാണ് ശനിയാഴ്ച എത്തുന്നത്. നമീബിയയിൽ നിന്നും ആദ്യം ജയ്പൂരിലെത്തുന്ന ചീറ്റകളെ ഹെലികോപ്റ്ററിൽ കുനോ പാർക്കിലേക്ക് കൊണ്ടു പോകുമെന്നാണ് വിവരം. പിന്നീട് ഇവയെ പാർക്കിൽ ക്വാറന്റൈനിൽ നിരീക്ഷിക്കും. ക്വാറന്റൈൻ പൂർത്തിയായാൽ പാർക്കിലെ തുറന്ന വനത്തിലേക്ക് വിടും. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൂടുതൽ ചീറ്റകളെ എത്തിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
മൃഗങ്ങളെ സംരക്ഷിക്കാനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതിയെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. ഇവയുടെ വരവിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യം എല്ലാവർക്കും ഊർജ്ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാകും ചീറ്റകളെ രാജ്യത്ത് എത്തിക്കുന്നതെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സെപ്റ്റംബറോടെ മാത്രമേ എത്തുകയുള്ളൂ എന്ന് പരിസ്ഥിതി മന്ത്രാലയം അറിയിക്കുകയായിരുന്നു.
മുൻകാലങ്ങളിൽ ഏഷ്യൻ ചീറ്റകളുടെ ആവാസകേന്ദ്രമായിരുന്ന ഇന്ത്യയിൽ 1952-ഓടെ ഇവക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു. ഈ റിപ്പോർട്ടുകൾക്ക് ശേഷം ഇതാദ്യമായാണ് ഇവയുടെ സാന്നിധ്യം ഇന്ത്യയിലുണ്ടാകാൻ പോകുന്നത്. 2020 മുതൽ വ്യത്യസ്ത ഉപവർഗത്തിൽ പെട്ട ആഫ്രിക്കൻ ചീറ്റകളെ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിലെത്തിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.