മെഴ്സിഡസ് ബെൻസ് ഉൾപ്പെടെ 28 കാറുകളും 29 ബൈക്കുകളും; ചെന്നൈ കമ്പനിയുടെ ദീപാവലി സമ്മാനം കണ്ട് ഞെട്ടി ജീവനക്കാർ
text_fieldsപല കമ്പനികളും ഉൽസവകാലത്ത് ജീവനക്കാർക്ക് ബോണസുകളും പ്രത്യേക സമ്മാനങ്ങളും നൽകാറുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞ് അത്തരം ആനുകൂല്യങ്ങൾ എന്നേക്കുമായി നിർത്തിവെച്ച കമ്പനികളുമുണ്ട്. അതിനിടയിലാണ് ദീപാവലി സീസണിൽ അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമായി എത്തി ചെന്നൈയിലെ ചെന്നൈയിലെ സ്ട്രക്ചറൽ സ്റ്റീൽ ഡിസൈൻ ആൻഡ് ഡീറ്റെയ്‌ലിങ് കമ്പനി ജീവനക്കാരെ ഞെട്ടിച്ച വാർത്ത പുറത്തുവന്നിരിക്കുന്നത്.
മെഴ്സിഡസ് ബെൻസ്, ഹുണ്ടായി, മാരുതി സുസുക്കി തുടങ്ങിയ ബ്രാൻഡുകളിലെ അടക്കം 28 കാറുകളും 29 ബൈക്കുമാണ് കമ്പനി ജീവനക്കാർക്ക് സമ്മാനിച്ചിരിക്കുന്നത്. ജീവനക്കാരുടെ കഠിനാധ്വാനത്തെയാണ് സമ്മാനങ്ങൾ നൽകിയതുവഴി കമ്പനി അംഗീകരിച്ചിരിക്കുന്നത്. 2005ൽ സ്ഥാപിതമായ കമ്പനിയിൽ ഏകദേശം 180 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
ജീവനക്കാരുടെ കഴിവും പ്രകടനവും അടിസ്ഥാനമാക്കിയാണ് സമ്മാനങ്ങൾ നൽകിയതെന്നും കമ്പനിയുടെ മാനേജിങ് ഡയറക്ടർ ശ്രീധർ കണ്ണൻ പറഞ്ഞു. ചില കമ്പനികൾ ഉൽസവ സീസണുകളിൽ ബോണസുകൾ നൽകാറുണ്ട്. കമ്പനിയെ വിജയത്തിലേക്ക് നയിക്കുന്നതിൽ അവരുടെ അശ്രാന്ത പരിശ്രമം ഞങ്ങൾ വിലമതിക്കുന്നു.
ജീവനക്കാരാണ് ഞങ്ങളുടെ ഏറ്റവും വലിയ ആസ്തി. അസാധാരണമായ അർപ്പണബോധവും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നവരാണ് ഞങ്ങളുടെ ജീവനക്കാർ. അവരുടെ നേട്ടങ്ങൾ തിരിച്ചറിയുന്നതിൽ അഭിമാനിക്കുകയാണ്.-ശ്രീധർ കണ്ണൻ തുടർന്നു. 2022ലും കമ്പനി മുതിർന്ന ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ചിരുന്നു. അതോടൊപ്പം ജീവനക്കാരുടെ വിവാഹങ്ങൾക്ക് നൽകിവരുന്ന സാമ്പത്തിക സഹായം അരലക്ഷം രൂപയിൽ നിന്ന് ഒരുലക്ഷം രൂപയായി വർധിപ്പിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.