നഗരങ്ങളിൽ അലഞ്ഞുനടന്ന 5000 കന്നുകാലികളെ പിടികൂടി; ഉടമകൾക്ക് പിഴ
text_fieldsചെന്നൈ: നഗരത്തിലെ കന്നുകാലി ശല്യം കുറക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഗ്രേറ്റർ ചെന്നൈ കോർപറേഷൻ (ജി.സി.സി). ജനുവരി മുതൽ സെപ്റ്റംബർ വരെ 5000 കന്നുകാലികളെയാണ് പിടികൂടിയതെന്ന് ജി.സി.സി അറിയിച്ചു. പിടിച്ച കന്നുകാലികളെ ഉടമകൾക്ക് പിഴ ചുമത്തി തിരികെ നൽകും. കന്നുകാലികളെ ആവശ്യപ്പെട്ട് എത്തുന്നവർ സത്യവാങ്മൂലം എഴുതി ഒപ്പുവെക്കുകയും അത് ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറോ ഹെൽത്ത് ഇൻസ്പെക്ടറോ അംഗീകരിക്കുകയും വേണം.
നഗരങ്ങളിൽ അലഞ്ഞു നടക്കുന്ന കന്നുകാലികളെക്കൊണ്ട് പൊതുജനങ്ങൾക്കും ഗതാഗതത്തിനും പ്രയാസമുണ്ടാകുന്നുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടതിനാലാണ് പൊലീസ് ഉദ്യോഗസ്ഥരും സോണൽ ഉദ്യോഗസ്ഥരും ചേർന്ന് കന്നുകാലികളെ പിടികൂടി പെരമ്പൂരിലെയും പുതുക്കോട്ടിലെയും കോർപറേഷന് കീഴിലുള്ള ഷെഡുകളിലേക്ക് മാറ്റിയത്.
ഒക്ടോബർ ഒന്ന് മുതൽ പിഴ 1550ൽ നിന്ന് 2000 രൂപയാക്കി വർധിപ്പിച്ചതായും കൃത്യസമയത്ത് കന്നുകാലികളെ കൈപ്പറ്റിയില്ലെങ്കിൽ 200 രൂപ പരിപാലന ചെലവായി ചേർക്കുമെന്നും ജി.സി.സി പറഞ്ഞു. രണ്ടുതവണയിൽ കൂടുതൽ ഇത് ആവർത്തിക്കുകയാണെങ്കിൽ കന്നുകാലികളെ ചെന്നൈയിലെ മൃഗക്ഷേമ ചാരിറ്റിയായ ബ്ലൂ ക്രോസ് ഓഫ് ഇന്ത്യയിലേക്ക് കൈമാറുമെന്നും ജി.സി.സി ഉദ്യോഗസ്ഥർ അറിയിച്ചു.
2020ൽ 344 കന്നുകാലികളെ പിടികൂടിയപ്പോൾ 2022ൽ അത് 1259 ആയി ഉയർന്നു. രണ്ട് വർഷത്തെ കണക്കുകളെ അപേക്ഷിച്ച് വൻ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന് ജി.സി.സി റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.