ചെന്നൈ വിദ്യാർഥിനിയുടെ മരണം: വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന് കോടതി; അക്രമം ആസൂത്രിതമെന്ന്
text_fieldsചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തെ ഇ.സി.ആർ ശക്തി ഇന്‍റർനാഷനൽ സ്കൂളിൽ വൻ തീപിടിത്തത്തിനും അക്രമ സംഭവങ്ങൾക്കും ഇടയാക്കിയ പ്ലസ്ടു വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ രണ്ടാമതും പോസ്റ്റ്‌മോർട്ടം നടത്താൻ തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതി ജസ്റ്റീസ് എൻ. സതീഷ്കുമാർ ഉത്തരവിട്ടു.
ഞായറാഴ്ച ഉണ്ടായ അക്രമാസക്തമായ പ്രതിഷേധത്തിൽ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും അക്രമത്തിന് പ്രകോപനം സൃഷ്ടിച്ചത് ആരാണെന്ന് കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിക്കാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിടുകയും ചെയ്തു. ഇനി മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ കാമ്പസുകളിലോ ഉണ്ടാവുന്ന മരണങ്ങൾ സി.ബി-സി.ഐ.ഡി പൊലീസ് അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു.
സി.ബി-സി.ഐ.ഡി അന്വേഷണമേർപ്പെടുത്തണമെന്നും രണ്ടാമതും പോസ്റ്റ്‌മോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് രാമലിംഗം മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് സി.ബി.സി.ഐ.ഡിക്ക് കൈമാറിയതായി സർക്കാർ കോടതിയെ അറിയിച്ചു. രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടത്താൻ വിഴുപ്പുറം സർക്കാർ ആശുപത്രിയിലെ ഡോ. ഗീതാഞ്ജലി, തിരുച്ചി ഗവ. ആശുപത്രിയിലെ ഡോ. ജൂലിയാന ജയന്തി, സേലം ഗവ. ആശുപത്രിയിലെ ഡോ. ഗോകുലനാഥൻ, റിട്ട. ഫോറൻസിക് സയൻസ് വിദഗ്ധ ശാന്തകുമാരി എന്നിവരെ ഹൈക്കോടതി നിയോഗിച്ചു. പെൺകുട്ടിയുടെ പിതാവിനും അഭിഭാഷകനും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് സാക്ഷ്യംവഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഞായറാഴ്ചത്തെ പ്രതിഷേധ അക്രമ സംഭവങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി വിദ്യാർത്ഥിനിയുടെ മരണത്തിൽ കോടതിയിൽ ഹർജി പരിഗണനയിലിരിക്കെ എന്തിനാണ് അക്രമം ഉണ്ടായതെന്നും കോടതിയിൽ വിശ്വാസമില്ലേയെന്നും ചോദിച്ചു. അക്രമത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് രക്ഷിതാക്കളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ആരാണ് പ്രതിഷേധത്തിന് പ്രേരിപ്പിച്ചതെന്ന് സർക്കാർ കണ്ടെത്തണം. ആർക്കും നിയമം കൈയിലെടുക്കാൻ കഴിയില്ല. പ്രത്യേക സംഘം രൂപീകരിച്ച് എല്ലാ പ്രതികളെയും തിരിച്ചറിയണം. ഇത് ഒരു സംഘടിത കുറ്റകൃത്യമാണ്. അക്രമ സംഭവം മുൻകൂട്ടി കണ്ട് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ പൊലീസ് സംവിധാനം പരാജയപ്പെട്ടു. അക്രമം നടത്തുന്നതിന് ജനങ്ങളെ പ്രേരിപ്പിച്ച ചില യൂട്യൂബർമാരുടെയും വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരുടെയും പേരിൽ നിയമപരമായ നടപടി സ്വീകരിക്കണമെന്നും കോടതി സർക്കാർ അഭിഭാഷകനോട് പറഞ്ഞു. വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ ചർച്ചകൾ നടത്തുന്നതും കോടതി വിലക്കി.
രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞാലുടൻ കുടുംബം വിദ്യാർത്ഥിയുടെ മൃതദേഹം ഏറ്റുവാങ്ങണമെന്നും അന്തിമ ചടങ്ങുകൾ സമാധാനപരമായി നടത്തണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.