മണിപ്പൂർ: സുപ്രീംകോടതിയെ വിമർശിച്ച പ്രസാധകന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി
text_fieldsചെന്നൈ: മണിപ്പൂർ കലാപം ചർച്ച ചെയ്യുന്നതിനിടെ ജുഡീഷ്യറിയെ സംബന്ധിച്ച് മോശം പരാമർശം നടത്തിയതിന് ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്ലോഗറും പബ്ലീഷറുമായ ബദ്രി ശേഷാദ്രി അറസ്റ്റിൽ. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തിനാണ് നടപടി. പെരാമ്പല്ലൂർ ജില്ലാ പൊലീസാണ് ശേഷാദ്രിയെ അറസ്റ്റ് ചെയ്തത്. അഭിഭാഷകനായ കവിവരസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ജൂലൈ 22ന് ഇയാൾ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന പരാമർശം നടത്തിയെന്നാണ് പരാതി. കലാപ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അതേസമയം, അറസ്റ്റിൽ തമിഴ്നാട് പൊലീസിനെതിരെ ബി.ജെ.പി രംഗത്തെത്തി.സാധാരണക്കാരൻ പ്രകടിപ്പിക്കുന്ന അഭിപ്രായം കേൾക്കാൻ പോലും തയാറാവാതെ അസഹിഷ്ണുതയോടെയാണ് തമിഴ്നാട് സർക്കാർ പെരുമാറുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു.
ഭരണകക്ഷിയായ ഡിഎംകെയുടെ പ്രതികാര അജണ്ട നടപ്പാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണോ എന്നും അദ്ദേഹം ചോദിച്ചു. മണിപ്പൂർ കലാപത്തിലെ സുപ്രീംകോടതി പരാമർശത്തെ സംബന്ധിച്ചായിരുന്നു ശേഷാദ്രിയുടെ പ്രസ്താവന. മണിപ്പൂർ കലാപത്തിൽ സർക്കാർ ഒന്നും ചെയ്തില്ലെങ്കിൽ തങ്ങൾ ഇടപെടുമെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ പരാമർശത്തിലാണ് ശേഷാദ്രി പ്രതികരണം നടത്തിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് തോക്ക് നൽകി സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുവെന്നായിരുന്നു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശേഷാദ്രി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.