ചെന്നൈയിൽ പെയ്തത് 47 വർഷത്തിനിടെ ഏറ്റവും കൂടിയ മഴ; മിഗ്ജോം ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു
text_fieldsചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഗ്ജോം ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതോടെ മഴയിൽ മുങ്ങി ചെന്നൈ നഗരം. 34 സെ.മീറ്റർ മഴയാണ് നിലവിൽ ചെന്നൈയിൽ രേഖപ്പെടുത്തിയത്. ശക്തമായ വെള്ളപ്പൊക്കമുണ്ടായ 2015ൽ പെയ്തതിനേക്കാൾ അധികമാണിത്. 33 സെ.മീറ്റർ മഴയാണ് അന്ന് രേഖപ്പെടുത്തിയിരുന്നത്. 1976 ൽ 45 സെ.മീറ്റർ മഴപെയ്തതിൽ പിന്നെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തുന്നത് ഇപ്പോഴാണ്.
മിഗ്ജോമിന്റെ സ്വാധീനഫലമായി താംബരം, വേളാച്ചേരി, പട്ടിനമ്പാക്കം തുടങ്ങിയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ചെങ്കൽപട്ട്, കാഞ്ചീപുരം തിരുവള്ളൂർ, വില്ലുപുരം, റാണിപ്പേട്ട്, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, കല്ല്കുറിച്ചി, കടലൂർ, മയിലാടുതുറൈ, നാഗൈ ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ എന്നീ നാല് ജില്ലകളിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു.
മഴക്കെടുതികളെ തുടർന്ന് വിവിധ ഭാഗങ്ങളിലായി അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്തത്. അതിൽ രണ്ടുപേർ ഷോക്കേറ്റാണ് മരിച്ചത്.
നഗരം ഏറെ കുറേ പൂർണമായും വെള്ളക്കെട്ടിലമർന്ന് കഴിഞ്ഞു. വേളാച്ചേരിയിൽ റെഡ്കോഴ്സ് റോഡിന് സമീപമുള്ള അപ്പാർട്ടുമെന്റ് മണ്ണിൽ താഴ്ന്നുപോയതായി റിപ്പോർട്ടുണ്ട്. പറങ്കിമല മെട്രോ സ്റ്റേഷനു ചുറ്റും നാലടിയോളം ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പൊതുജനങ്ങൾ ആലന്തൂർ മെട്രോ ട്രെയിൻ ഉപയോഗിക്കണമെന്ന് അറിയിപ്പുണ്ട്. കൂടാതെ അറുമ്പാക്കം, വടപളനി മെട്രോ സ്റ്റേഷനുകളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. പത്തിലധികം തുരങ്കങ്ങൾ അടഞ്ഞുകിടക്കുന്നു. സബർബൻ ട്രെയിനുകൾ നിർത്തിവെച്ചു.
ചുഴലിക്കാറ്റിനെ തുടർന്ന് മറീന, പട്ടിൻപാക്കം ഉൾപ്പടെയുള്ള കടൽത്തീരങ്ങളിൽ പൊതുജനങ്ങൾക്ക് പോകുന്നതിന് വിലക്കേർപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് അടുത്തുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പോകാൻ ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ രാധാകൃഷ്ണൻ നിർദ്ദേശം നൽകി.
ചെമ്പരമ്പാക്കം തടാകത്തിൽ നിന്ന് 8000 ഘനയടി വെള്ളം തുറന്നുവിട്ടു. ഇതോടെ അഡയാൽ നദി കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴയിൽ മുഴുവൻ നഗരം വെള്ളത്തിനടിയിലായ സാഹചര്യത്തിൽ അഡയാർ നദിയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്. ചെന്നൈ ജില്ലയിലെ പ്രധാനപ്പെട്ട ആറ് ഡാമുകളും, റിസർവോയറുകളും 98 ശതമാനവും നിറഞ്ഞു. സംസ്ഥാനത്ത് 5000 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 14 മന്ത്രിമാരെയാണ് മുഖ്യമന്ത്രി സ്റ്റാലിൻ ചുമതലപ്പെടുത്തിയത്.
സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ടെലിഫോണിൽ ചർച്ച നടത്തി. കേന്ദ്രസഹായം വാഗ്ദാനംചെയ്തു. ദേശീയ ദുരന്തനിവാരണസേന രംഗത്തിറങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ ഓഫിസുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം തിങ്കളാഴ്ച രാവിലെ 9.40 മുതൽ രാത്രി 11 വരെ നിർത്തിവെച്ചു. 70ഓളം വിമാനങ്ങൾ റദ്ദാക്കി. റൺവേ അടച്ചിട്ടതായും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
അഹ്മദാബാദ്, തിരുവനന്തപുരം ഉൾപ്പെടെ സ്ഥലങ്ങളിലേക്ക് പുറപ്പെടേണ്ട 12 ആഭ്യന്തര വിമാനസർവിസുകളും റദ്ദാക്കി. സ്വകാര്യ വിമാനക്കമ്പനിയുടെ ദുബൈ, ശ്രീലങ്ക ഉൾപ്പെടെ നാല് അന്താരാഷ്ട്ര സർവിസുകളും റദ്ദാക്കി. ചെന്നൈയിലേക്കുള്ള 33 വിമാനങ്ങൾ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു.
കേരളത്തിലേക്ക് ഉൾപ്പെടെ ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടേണ്ട 12 ട്രെയിനുകൾ തിങ്കളാഴ്ച റദ്ദാക്കി. ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും ടിക്കറ്റ് തുക തിരിച്ചുനൽകുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. വെള്ളക്കെട്ട് കാരണം നഗരത്തിലെ 14 സബ് വേകൾ അടച്ചിട്ടതായി സിറ്റി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.