ഓൺലൈൻ ഗെയിം കളിക്കാൻ 33 ലക്ഷവും 213 പവൻ സ്വർണവുമായി 15കാരൻ മുങ്ങി
text_fieldsചെന്നൈ: ഓൺലൈൻ ഗെയിം കളിക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചതിന് പണവും സ്വർണവുമായി മുങ്ങിയ 15കാരൻ പിടിയിൽ. 33ലക്ഷം രൂപയും 213 പവൻ സ്വർണവുമാണ് 15കാരൻ വീട്ടിൽനിന്ന് കവർന്നത്. മറ്റു ശല്യങ്ങളില്ലാതെ ഓൺലൈൻ ഗെയിം കളിക്കുന്നതിന് മാതാപിതാക്കളെ വിട്ട് നേപ്പാളിലേക്ക് കടക്കാനായിരുന്നു ശ്രമം.
കോൺട്രാക്ടറായ പിതാവിനും കോളജ് പ്രഫസറായ മാതാവിനൊപ്പവുമായിരുന്നു 15കാരന്‍റെ താമസം. ഓൺലൈൻ ഗെയിമിങ്ങായിരുന്നു കൗമാരക്കാരന്‍റെ പ്രധാന വിനോദം. നിരന്തരം ഗെയിം കളിച്ചതോടെ മാതാപിതാക്കൾ എതിർത്തു. ഇതിനെചൊല്ലി നിരന്തരം വീട്ടിൽ വഴക്കുമുണ്ടായി -പൊലീസ് പറഞ്ഞു.
ബുധനാഴ്ച പിതാവ് ജോലിക്ക് പോയതിന് പിന്നാലെ സുഹൃത്തിനെ കാണാൻ പോകുകയാണെന്ന് അറിയിച്ച് 15കാരൻ വീടുവിട്ടിറങ്ങുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 33ലക്ഷം രൂപയും 213 പവൻ സ്വർണവും കാണാനില്ലെന്ന് മനസിലാകുകയായിരുന്നു -പൊലീസ് ഇൻസ്പെക്ടർ ഫ്രാൻവിൻ ഡാനി പറഞ്ഞു.
കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പൊലീസ് 15കാരന്‍റെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്തപ്പോൾ നേപ്പാളിലേക്ക് പോകാൻ പദ്ധതിയുണ്ടെന്ന് ടെക്സ്റ്റ് മെസേജ് അയെച്ചന്ന വിവരവും ലഭിച്ചു. സുഹൃത്തിന് മെസേജ് അയച്ചതിന് പിന്നാലെ 15കാരൻ പഴയ മൊബൈൽ ഫോൺ ഉപേക്ഷിച്ചിരുന്നു. പിന്നീട്, കുട്ടി പഴയ ഫോൺ മാറ്റി പുതിയ ഐഫോണും വാങ്ങി. പുതിയ ഫോണിൽ പഴയ സിം ഇട്ടതോടെ സൈബർ പൊലീസിന്‍റെ സഹായത്തോടെ ലൊക്കേഷൻ തിരിച്ചറിയുകയായിരുന്നു.
കുട്ടി വ്യാഴാഴ്ച രാവിലെ നാലുമണിക്ക് നേപ്പാളിലേക്ക് പുറപ്പെടുന്ന വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കൂടാതെ വിമാനത്താവളത്തിന് തൊട്ടടുത്ത ഹോട്ടലിലായിരുന്നു താമസം. തുടർന്ന് പൊലീസെത്തി കുട്ടിയെ പിടികൂടി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാതാപിതാക്കൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.