ചെന്നൈ തീപിടിത്തം: അയൽവാസികളുടെ ഇടപെടൽ കുടുംബങ്ങളെ രക്ഷിച്ചു
text_fieldsചെന്നൈ: ബൈക്കുകളുടെ ഇന്ധനടാങ്കുകൾ പൊട്ടിത്തെറിക്കുന്നതും അയൽവാസികളുടെ കരച്ചിലും കേട്ടാണ് പുലർകാല ഉറക്കത്തിൽനിന്ന് പൊന്നുച്ചാമിയും പാണ്ഡ്യനും എഴുന്നേറ്റത്. ചെന്നൈയിലെ കൊടുംചൂടിൽ അൽപം ആശ്വാസം ലഭിക്കുന്ന പുലർകാല കുളിരിൽ ഉറങ്ങിക്കിടന്ന അയൽവാസികൾ മരണവുമായി മല്ലിടുന്നത് തിരിച്ചറിയാൻ അൽപം വൈകി. പാർപ്പിട സമുച്ചയത്തെ വിഴുങ്ങിയ കരിമ്പുക ചെന്നൈ വടപളനി സൗത്ത് പെരുമാള് സ്ട്രീറ്റ് പ്രദേശമാകെ വ്യാപിച്ച് എന്തു സംഭവിക്കുന്നെന്ന് അറിയാത്ത സാഹചര്യമായിരുന്നെന്ന് ഇരുവരും പറയുന്നു.
നാലുനില കെട്ടിടത്തിൽനിന്ന് ജീവനുവേണ്ടിയുള്ള അലമുറകൾക്കുമേൽ പുകച്ചുരുളുകൾ ഉയർന്നുകൊണ്ടിരുന്നു. ഇരുവരും ബഹളമുണ്ടാക്കി മറ്റുള്ളവരെ ഉണർത്തി. സംഭവം അറിയുന്നവർ മറ്റുള്ളവരെക്കൂടി വിവരം അറിയിച്ചതോടെ പ്രദേശമാകെ ഉണർന്നു. തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുമെന്ന അഭ്യൂഹത്തിൽ സ്ത്രീകളും കുട്ടികളും വീടുകൾവിട്ട് നിരത്തിൽ അഭയംപ്രാപിച്ചു. ഇതിനിടെ കുടുംബങ്ങളിലെ പുരുഷന്മാർ രക്ഷാപ്രവർത്തനത്തിൽ സജീവമായി.
താഴത്തെ നിലയിലെ തീ അണക്കാനുള്ള ശ്രമങ്ങൾ പുേരാഗമിക്കുന്നതിനിടെ കെട്ടിടത്തിലുള്ളവരോട് ബെഡ് ഷീറ്റുകളും കയറും കൂട്ടിക്കെട്ടി താഴേക്ക് ഇറങ്ങാനുള്ള നിർദേശം നൽകി. ഉൗർന്നിറങ്ങി ഇടക്കുവെച്ച് എടുത്തുചാടുന്നവരെയും മെത്തകളിൽ സ്വയം പൊതിഞ്ഞ് എടുത്തുചാടുന്നവരെയും കൈകളിൽ താങ്ങി സാഹസികമായാണ് ആൾക്കൂട്ടം രക്ഷിച്ചത്. കുട്ടികളെയും പ്രായംചെന്നവരെയും സ്ത്രീകളെയും ആദ്യം താഴെയിറക്കി. ഇതിനിടെ എത്തിയ അഞ്ച് ഫയർ എൻജിനുകൾ ഗോവണി വഴി മറ്റുള്ളവർക്ക് രക്ഷയായി.
അനധികൃതവും അശാസ്ത്രീയവുമായി നിർമിച്ച കെട്ടിടത്തിന് അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള ബാൽക്കെണി നിർമിച്ചിട്ടില്ല. പുറത്തേക്കുള്ള ഏക വാതിൽ വഴി രക്ഷപ്പെടാൻ ശ്രമിച്ചവർക്കാണ് താഴത്തെനിലയിൽനിന്ന് പൊള്ളേലറ്റത്. തീ പൂർണമായും അണച്ചതിനുശേഷമാണ് ഒന്നാം നിലയിൽനിന്ന് മീനാക്ഷി, സന്ധ്യ, സഞ്ജയ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടത്. അനധികൃതമായി നിർമിച്ച കെട്ടിടം രണ്ടു മാസം മുമ്പ് കോർപറേഷൻ അധികൃതർ പൂട്ടി സീൽവെച്ചിരുന്നുവെന്ന് സമീപ പാർപ്പിട സമുച്ചയത്തിലെ താമസക്കാരി മുത്തുകുമാരി പറയുന്നു. ഭരണകക്ഷിയുടെ പ്രാദേശിക നേതാവുകൂടിയായ കെട്ടിട ഉടമ വിജയകുമാർ നിരോധനം മറികടന്ന് ഫ്ലാറ്റുകൾ വാടകക്ക് നൽകിയതാണത്രെ. ധാരാളം മലയാളികൾ താമസിക്കുന്ന പ്രദേശമാണ് വടപളനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.