കോൺഗ്രസിൽ സമൂല മാറ്റം വേണം, രാഹുൽ ഭാരതയാത്ര നടത്തണം; ചിന്താശിബിരത്തിലേക്ക് ചെന്നിത്തലയുടെ നിർദേശം
text_fieldsന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി പാർട്ടിയിൽ സമൂലമായ അഴിച്ചുപണി വേണമെന്നും പാർട്ടി നേതാവ് രാഹുൽ ഗാന്ധി ഭാരതയാത്ര നടത്തണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജസ്ഥാനിലെ ഉദയ്പൂരിൽ വെള്ളിയാഴ്ച തുടങ്ങുന്ന മൂന്നു ദിവസത്തെ ചിന്താശിബിരത്തിലേക്ക് തയാറാക്കുന്ന മാർഗരേഖയിൽ പരിഗണിക്കുന്നതിനാണ് ചെന്നിത്തല ഈ നിർദേശം മുന്നോട്ടുവെച്ചത്.
സംഘടന കാര്യങ്ങളിൽ നിർദേശം വെക്കാൻ നിയോഗിച്ച ഉപസമിതിയിൽ അംഗമാണ് അദ്ദേഹം. എ.ഐ.സി.സി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കുക, ഡി.സി.സികൾ പുനഃസംഘടിപ്പിക്കുക, ഡി.സി.സി അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം പി.സി.സിക്ക് നൽകുക, ഫണ്ട് കണ്ടെത്താൻ എല്ലാ വർഷവും ഒരു മാസത്തെ ധനസമാഹരണ കാമ്പയിൻ നടത്തുക, ജംബോ കമ്മിറ്റികൾ ഒഴിവാക്കാൻ പാകത്തിൽ ഓരോ തലത്തിലും ഭാരവാഹികളുടെ എണ്ണം ഭരണഘടനയിൽ നിജപ്പെടുത്തുക, പി.സി.സി അംഗങ്ങളുടെ എണ്ണം ചെറു സംസ്ഥാനങ്ങളിൽ 50ഉം വലിയ സംസ്ഥാനങ്ങളിൽ 100ഉം ആയി നിശ്ചയിക്കുക തുടങ്ങിയവയാണ് ചെന്നിത്തലയുടെ മറ്റു നിർദേശങ്ങൾ.
മുകുൾ വാസ്നിക് അധ്യക്ഷനായ ഉപസമിതി തയാറാക്കുന്ന നിർദേശങ്ങൾ തിങ്കളാഴ്ച നടക്കുന്ന പ്രവർത്തക സമിതി യോഗം ചർച്ച ചെയ്യും. അജയ് മാക്കൻ, താരിഖ് അൻവർ, രൺദീപ്സിങ് സുർജേവാല, അധിർരഞ്ജൻ ചൗധരി, നെറ്റ ഡിസൂസ, മീനാക്ഷി നടരാജൻ എന്നിവരാണ് ഉപസമിതിയിലെ മറ്റ് അംഗങ്ങൾ.
സംഘടന തലത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുക, തെരഞ്ഞെടുപ്പു കണക്കാക്കി പുതിയ മുദ്രാവാക്യവും കാര്യപരിപാടിയും രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കോൺഗ്രസ് നേതൃനിര വെള്ളിയാഴ്ച മുതൽ മൂന്നു ദിവസം ഉദയ്പൂരിൽ ഒത്തുചേരുന്നത്. രാഷ്ട്രീയം, സംഘടന, സാമൂഹിക നീതി, സാമ്പത്തികം, യുവജനം, കാർഷിക മേഖല എന്നിങ്ങനെ ആറു കാര്യങ്ങളിൽ കേന്ദ്രീകരിച്ചാണ് ചർച്ചകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.