മഹാരാഷ്ട്ര കോൺഗ്രസിലെ ഉൾപ്പോര് ചെന്നിത്തല അന്വേഷിക്കും
text_fieldsമുംബൈ: മഹാരാഷ്ട്ര കോൺഗ്രസിലെ ചേരിപ്പോര് അന്വേഷിക്കാൻ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തി പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഉടനെ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംസ്ഥാന അധ്യക്ഷൻ നാന പടോലെയുടെ ഏകാധിപത്യ ശൈലിക്ക് എതിരെ മറ്റു നേതാക്കൾ രംഗത്തുവന്നിരുന്നു.
പടോലെയുടെ കൂടെ പ്രവർത്തിക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി മുതിർന്ന നേതാവ് ബാലസാഹെബ് തോറാട്ട് പാർട്ടി നിയമസഭ കക്ഷി നേതൃ പദവിയിൽനിന്ന് രാജിക്കത്ത് നൽകിയതോടെയാണ് മഹാരാഷ്ട്ര കോൺഗ്രസിലെ ഉൾപ്പോര് മറനീക്കി പുറത്തുവന്നത്.
നാസിക് നിയമസഭ കൗൺസിൽ ബിരുദ മണ്ഡലത്തിൽ തന്റെ അനന്തരവനും യൂത്ത് കോൺഗ്രസ് നേതാവുമായ സത്യജിത് താംബെക്ക് സീറ്റ് നിഷേധിച്ചതോടെയാണ് തോറാട്ട് ഇടഞ്ഞത്. സ്വതന്ത്രനായി മത്സരിച്ചു ജയിച്ച സത്യജിതിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതും തോറാട്ടിനെ ചൊടിപ്പിച്ചു. തോറാട്ടിനു പിന്നാലെ പടോലെയുടെ നേതൃശൈലിയിൽ എതിർപ്പ് പ്രകടിപ്പിച്ച് കൂടുതൽ നേതാക്കൾ ഹൈകമാൻഡിന് കത്തുകൾ എഴുതി.
എന്നാൽ, കഴിഞ്ഞ ദിവസം നടന്ന പാർട്ടി നിർവാഹക സമിതി യോഗത്തിനുശേഷം ഒരുമിച്ച് വാർത്ത സമ്മേളനം നടത്തിയ പടോലെയും തോറാട്ടും തങ്ങൾ തമ്മിൽ പ്രശ്നമില്ലെന്നും തങ്ങൾ തമ്മിലെ തർക്കം ബി.ജെ.പിയുടെ ഭാവന സൃഷ്ടിയാെണന്നും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.