27 വർഷത്തിനിടെ ചിറാപുഞ്ചിയിൽ റെക്കോഡ് മഴ
text_fieldsന്യൂഡൽഹി: ലോകത്തെതന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നായ മേഘാലയയിലെ ചിറാപുഞ്ചിയിൽ ഇത്തവണ റെക്കോഡ് മഴ. കഴിഞ്ഞ 27 വർഷത്തിനിടെ ജൂൺ മാസത്തിലെ ഏറ്റവും വലിയ മഴയാണ് ഇവിടെ പെയ്തത്. ബുധനാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറിനുള്ളിൽ 811.6 മില്ലി മീറ്ററാണ് മഴ തിമിർത്തത്. 1995 ജൂണിനുശേഷം ആദ്യമായാണ് ഇത്രവലിയ മഴ. ജൂണിൽ ഇതുവരെ 10 തവണയായി 750 മില്ലി മീറ്ററിനു മുകളിലായി ശക്തമായ മഴ ചിറാപുഞ്ചിയിൽ ലഭിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസമാണ് 811.6 മില്ലി മീറ്ററിന്‍റെ റെക്കോഡുണ്ടായതെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
1995 ജൂൺ 16ന് ചിറാപുഞ്ചിയിലെ കിഴക്കൻ ഖാസി ഹിൽസ് മേഖലയിൽ 1563.3 മില്ലി മീറ്ററിന്‍റെ റെക്കോഡ് മഴയും അതിന് തൊട്ടു തലേദിവസം 930 മില്ലി മീറ്റർ മഴയും ലഭിച്ചിരുന്നു. ഇതിനുശേഷം ജൂണിൽ ഇപ്പോഴാണ് 800 മില്ലി മീറ്ററിന് മുകളിൽ മഴ ലഭിക്കുന്നത്. ബുധനാഴ്ച തെക്കുപടിഞ്ഞാറ് കാലവർഷം മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശിലെ തീരപ്രദേശം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപിച്ചുവെന്നും അടുത്ത അഞ്ചു ദിവസത്തിൽ വടക്കുകിഴക്കൻ മേഖലയിലും സിക്കിമിലും ഉൾപ്പെടെ ശക്തമായ മഴ തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.