ശാരീരികക്ഷമത പരിശോധന; സ്ത്രീകളുടെ നെഞ്ചളവ് എടുക്കുന്നത് മര്യാദകേടെന്ന് രാജസ്ഥാൻ ഹൈകോടതി
text_fieldsജോധ്പൂർ: ജോലിക്കായി ശാരീരിക ക്ഷമത പരിശോധിക്കുമ്പോൾ ശ്വാസകോശത്തിന്‍റെ ശേഷി അളക്കുന്നതിന് വേണ്ടി സ്ത്രീകളുടെ നെഞ്ചളവ് എടുക്കുന്നത് മര്യാദകേടാണെന്ന് രാജസ്ഥാൻ ഹൈകോടതി. തികച്ചും ഏകപക്ഷീയവും അതിരുകടന്നതും സ്ത്രീകളുടെ അന്തസ്സിനെ ബഹുമാനിക്കാത്തതുമാണ് നടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീ ഉദ്യോഗാർഥികളുടെ ശ്വാസകോശ ക്ഷമത പരിശോധിക്കാനുള്ള മറ്റ് മാർഗങ്ങൾക്കായി വിദഗ്ധരിൽ നിന്ന് നിർദേശങ്ങൾ തേടാൻ ജസ്റ്റിസ് ദിനേഷ് മേത്ത സർക്കാറിന് നിർദേശം നൽകി.
ഫോറസ്റ്റ് ഗാർഡ് ജോലിക്കായുള്ള ഫിസിക്കൽ ടെസ്റ്റിൽ പാസ്സായിട്ടും നെഞ്ചളവ് കുറവാണെന്ന കാരണത്താൽ പുറത്താക്കപ്പെട്ട മൂന്ന് വനിതാ ഉദ്യോഗാർഥികളാണ് ഹരജിയുമായി കോടതിയിലെത്തിയത്. സ്ത്രീകളുടെ നെഞ്ചളവും വികാസവും അവരുടെ ശ്വാസകോശത്തിന്‍റെ ക്ഷമതയുടെ സൂചകമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇത്തരമൊരു പരിശോധന സ്ത്രീയുടെ സ്വകാര്യതയെയും അന്തസ്സിനെയും ഹനിക്കുന്നതാണ് -കോടതി പറഞ്ഞു.
തങ്ങൾക്ക് ജോലിക്കാവശ്യമായ നെഞ്ചളവുണ്ടെന്ന് ഹരജിക്കാർ അവകാശപ്പെട്ടിരുന്നു. തുടർന്ന് കോടതി എയിംസിലെ മെഡിക്കൽ ബോർഡിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതിൽ, രണ്ട് പേർക്ക് സാധാരണ അവസ്ഥയിൽ നെഞ്ചളവ് കുറവാണെന്നും ഒരാൾക്ക് വികസിപ്പിച്ച അവസ്ഥയിൽ നെഞ്ചളവ് കുറവാണെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. തുടർന്ന്, നിയമന പ്രക്രിയയിൽ ഇടപെടുന്നില്ലെന്ന് പറഞ്ഞ് കോടതി ഹരജി തള്ളിയെങ്കിലും ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.