‘ബാലറ്റ് പേപ്പർ ചവച്ച് സ്ഥാനാർഥി, കുളത്തിൽ എറിഞ്ഞ് ഏജന്‍റ്’: വോട്ടെണ്ണൽ ദിനം സാക്ഷിയായത് നാടകീയ രംഗങ്ങൾക്ക്
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് തകർപ്പൻ വിജയം നേടിയ പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വ്യാപക അക്രമങ്ങൾ മാത്രമല്ല നാടകീയ രംഗങ്ങൾക്കും സാക്ഷിയായി. പരാജയ ഭയത്താൽ സ്ഥാനാർഥി ബാലറ്റ് പേപ്പർ വായിലിട്ട് ചവച്ച സംഭവവും സ്ഥാനാർഥിയുടെ ഏജന്‍റ് ബാലറ്റ് പേപ്പർ കുളത്തിലെറിഞ്ഞ സംഭവുമാണ് റിപ്പോർട്ട് ചെയ്തത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ വിവിധ ബൂത്തുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായത്.
ഭുർകുന്ദ പഞ്ചായത്തിലെ 18-ാം ബൂത്തിലേതാണ് വോട്ടെണ്ണൽ ദിവസത്തെ വേറിട്ട സംഭവമുണ്ടായത്. തൃണമൂൽ സ്ഥാനാർഥികളായ സക്കീർ ഹുസൈനെയും സുപർണ ദാസിനെയും സ്വതന്ത്ര സ്ഥാനാർഥികളായ ഷൗക്കത്ത് മണ്ടലും മാധവി ദാസും പരാജയപ്പെടുത്തി. എന്നാൽ, ഫലം അംഗീകരിക്കാൻ തയാറാകാതെ തൃണമൂൽ സ്ഥാനാർഥികൾ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെട്ടു.
വോട്ടെണ്ണലിലും സ്ഥാനാർഥികൾ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ തൃണമൂൽ ഏജന്‍റായ മുന്ന മണ്ടൽ ബാലറ്റ് പേപ്പറുകൾ എടുത്ത് സമീപത്തെ കുളത്തിലേക്ക് എറിയുകയായിരുന്നു. സ്വതന്ത്ര സ്ഥാനാർഥികളായ ഷൗക്കത്ത് മണ്ടലിനെയും മാധവി ദാസിനെയും സി.പി.എമ്മും ഇന്ത്യൻ സെക്കുലർ ഫ്രണ്ടും തെരഞ്ഞെടുപ്പിൽ പിന്തുണച്ചിരുന്നു.
ഭുർകുന്ദ പഞ്ചായത്തിലെ 31-ാം ബൂത്തിലാണ് രണ്ടാമത്തെ സംഭവം റിപ്പോർട്ട് ചെയ്തത്. നാല് വോട്ടിനാണ് സി.പി.എം സ്ഥാനാർഥി രവീന്ദ്രനാഥ് മജൂംദാറിനോട് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മഹാദേവ് മതി പരാജയപ്പെട്ടത്. എന്നാൽ, തോൽവി അംഗീകരിക്കാൻ തയാറാകാത്ത തൃണമൂൽ സ്ഥാനാർഥി 56 വോട്ടിന് വിജയിച്ചെന്ന് അവകാശപ്പെട്ടു. അതേസമയം, കീറിയ ബാലറ്റ് പേപ്പറുകൾ ചവച്ചു കൊണ്ടാണ് മഹാദേവ് മതി ഹാബ്ര ബ്ലോക്ക് 2ലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയതെന്നാണ് സി.പി.എം ആരോപണം.
അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിച്ച ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് തകർപ്പൻ മുന്നേറ്റമാണ് നടത്തിയത്. 27,985 ഗ്രാമപഞ്ചായത്ത് സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോൾ 18,606 സീറ്റുകളിൽ പാർട്ടി ജയിച്ചു. കയറി 18 ജില്ല പരിഷത്ത് സീറ്റുകളും ടി.എം.സി പിടിച്ചു.
ബി.ജെ.പി 4,482 സീറ്റുകളിലും സി.പി.എം 1,424 സീറ്റുകളിലും കോൺഗ്രസ് 1,073 സീറ്റുകളിൽ ജയിച്ചതായാണ് റിപ്പോർട്ട്. അബ്ബാസ് സിദ്ദീഖി രൂപവത്കരിച്ച ഐ.എസ്.എഫ് (ഇന്ത്യൻ സെക്കുലർ ഫ്രണ്ട്) 937 സീറ്റുകൾ നേടി. തൃണമൂൽ റെബലുകളടക്കമുള്ള സ്വതന്ത്രർ 418 സീറ്റുകളിലും ജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.