‘ചാണകം’ വോട്ട് തരുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; മോദിയുടെ തണലിൽ ബി.ജെ.പി
text_fieldsആദിവാസി, കർഷക, സ്ത്രീകൾക്കുള്ള ക്ഷേമപദ്ധതികൾ വോട്ടായിമാറി വീണ്ടും അധികാരത്തിൽ എത്തുമെന്ന വിശ്വാസത്തിലാണ് ഛത്തിസ്ഗഢിൽ ഭൂപേഷ് ഭാഘേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ. ‘അബ്കി ബാർ, പചത്തർ പാർ’ (ഇത്തവണ 75 സീറ്റ് മറികടക്കും) എന്നതാണ് കോൺഗ്രസിന്റെ പ്രചാരണ മുദ്രാവാക്യം. സംസ്ഥാനത്ത് ബി.ജെ.പി സൃഷ്ടിച്ച ഹിന്ദുത്വ രാഷ്ട്രീയ വെല്ലുവിളി, സർക്കാർ സ്വീകരിച്ച പ്രദേശികവാദത്തിലൂന്നിയും മൃദുഹിന്ദുത്വ സമീപനത്തിലൂടെയും തടയിടാൻ കഴിഞ്ഞെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ.
മോദിയുടെ നേട്ടം പറഞ്ഞാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നാല് സിറ്റിങ് എം.പിമാർ ഉൾപ്പെടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെയെല്ലാം ബി.ജെപി ഇക്കുറി മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്.
ഭൂപേഷ് ഭഘേലിന് കേരളത്തിൽ നിന്നടക്കം ഏറെ പരിഹാസങ്ങളും ഹിന്ദുത്വം പിന്തുടരുന്നുവെന്ന ആക്ഷേപങ്ങളും കേൾക്കേണ്ടി വന്ന പദ്ധതികളിലൊന്നായിരുന്നു 2020ൽ ആരംഭിച്ച ചാണകം ശേഖരിക്കൽ. എന്നാൽ, പദ്ധതിയിൽ ഛത്തിസ്ഗഢിലെ ആദിവാസികളും സ്ത്രീകളും കർഷകരും ഏറെ സന്തുഷ്ടരാണ്.
പ്രതിദിനം മൂന്ന് ലക്ഷത്തോളം വരുന്ന സ്ത്രീകളാണ് ചാണകം ശേഖരിച്ച് വരുമാന മാർഗം കണ്ടെത്തുന്നത്. കിലോക്ക് രണ്ട് രൂപ നിരക്കിൽ ചാണകം ശേഖരിക്കുന്ന സർക്കാർ ഇത് പെയിന്റ്, വളം, അണുനശീകരണ ലായനി എന്നിവക്കായി ഉപയോഗിച്ച് പുതിയ തൊഴിൽ മേഖല സൃഷ്ടിക്കുകയും ചെയ്തു.
കടം എഴുതിത്തള്ളൽ, നെല്ലിന്റെ താങ്ങുവില വർധിപ്പിക്കൽ, ഖാരിഫ് വിളകളുടെ ഉൽപാദന സബ്സിഡി തുടങ്ങിയ ക്ഷേമ പദ്ധതികളിലൂടെ കാർഷിക മേഖലയിൽ ഉണ്ടായ സാമ്പത്തിക ഉണർവ് പ്രധാനനേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുന്നു.
18 ലക്ഷം കർഷകരുടെ 9,000 ത്തിലധികം കോടിയിലധികം രൂപയാണ് എഴുതിത്തള്ളിയത്. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2,600 രൂപയായി ഉയർത്തി. ഖാരിഫ് വിളകൾക്ക് 22 കോടിയുടെ ഉൽപാദന സബ്സിഡിയും നൽകി. അധികാരത്തിൽ തിരിച്ചെത്തിയാൽ നെല്ലിന്റെ താങ്ങുവില 3,600 രൂപയായി ഉയർത്തുമെന്നും കാർഷിക കടം വീണ്ടും എഴുതിത്തള്ളുമെന്നും ഭൂപേഷ് ഭാഘേൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ബസ്തർ, സർഗുജ ആദിവാസിമേഖല തൂത്തുവാരിയാണ് 2018ൽ 90 ൽ 71 എന്ന വലിയ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിൽ എത്തിയത്. കാര്യമായ ക്ഷേമപദ്ധതികൾ നടപ്പാക്കിയതായി കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്.
ബീഡിയുണ്ടാക്കാൻ ആദിവാസികൾ കാടുകളിൽനിന്നും ശേഖരിക്കുന്ന ഇലകൾക്ക് നൽകിയ ഉയർന്ന താങ്ങുവില, ഉൾക്കാടുകളിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാന സൗകര്യവികസനം, സ്വകാര്യ സ്കൂളുകളിലെ ഉയർന്ന ഫീസ് തടയിടാൻ ഉന്നത നിലവാരത്തിൽ 750ലധികം സർക്കാർ ഇംഗ്ലീഷ്-ഹിന്ദി മീഡിയം സ്കൂളുകൾ, എൻജിനീയറിങ്, മെഡിക്കൽ, മത്സരപരീക്ഷകൾക്ക് വേണ്ടി സൗജന്യ കോച്ചിങ് സെന്ററുകൾ ആരംഭിച്ചത് തുടങ്ങിയവയാണ് പ്രധാന നേട്ടമായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. ഇവയെല്ലാം വോട്ടായി മാറുമെന്ന് കോൺഗ്രസ് പറയുന്നു.
കേന്ദ്രപദ്ധതികൾ നടപ്പാകാതിരിക്കൽ, അഴിമതി തുടങ്ങി 61 വിഷയങ്ങൾ ഉയർത്തിയും ഹിന്ദുത്വ അജണ്ടയിൽ ഊന്നിയും ആദിവാസികൾക്കിടയിലെ മതപരിവർത്തനം വർഗീയവത്കരിച്ചും മാവോയിസ്റ്റ് തളർച്ചക്കുള്ള അവകാശം ഏറ്റെടുത്തുമാണ് ബി.ജെ.പി കോൺഗ്രസിനെ നേരിടുന്നത്. മോദി, അമിത്ഷാ, യോഗി ആദിത്യനാഥ്, ഹേമന്ദ് ശർമ അടക്കമുള്ള താരപ്രചാരകരും ബി.ജെ.പിക്കു വേണ്ടി സംസ്ഥാനത്ത് എത്തുന്നുണ്ട്.
വിമത ശല്യം ഇരുപാർട്ടികൾക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. പുറമെ ആം ആദ്മി പാർട്ടി, സർവ് ആദിവാസി ദൾ, ഗോണ്ടുവാന ഗന്ദൻത്ര പാർട്ടി, ബി.എസ്.പി, അജിത് ജോഗിയുടെ ജെ.സി.സി, സമാജ് വാദി പാർട്ടി, ഇടത് പാർട്ടികളുടെ സാന്നിധ്യം തുടങ്ങിയവ ജയ പരാജയങ്ങളെ സ്വാധീനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.