ഇ.ഡി കൊടുത്ത പാസിൽ പിടിച്ച് കയറി ബി.ജെ.പി
text_fieldsഛത്തിസ്ഗഢിൽ പ്രചാരണത്തിന്റെ ആദ്യ പകുതിയിൽ ഭരണകക്ഷിയായ കോൺഗ്രസ് കളംനിറഞ്ഞ് കളിച്ചപ്പോൾ, രണ്ടാംപകുതിയിൽ ‘കളിനിയമങ്ങൾ മറികടന്ന്’ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പുറത്തുവിട്ട പ്രസ്താവനകൾ ഉയർത്തി ബി.ജെ.പിയുടെ തിരിച്ചാക്രമണം.
70 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ബുധനാഴ്ച അവസാനിക്കാനിരിക്കെ, മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെതിരെ മഹാദേവ് ആപ് അഴിമതി ഉയർത്തി ബി.ജെ.പിയും, നടപ്പാക്കിയ ക്ഷേമപദ്ധതികളും പുതിയ പദ്ധതികൾ വാഗ്ദാനം ചെയ്തും കോൺഗ്രസും പ്രചാരണം കൊഴുപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഛത്തിസ്ഗഢിൽ അവസാനഘട്ട പ്രചാരണ പരിപാടികളിൽ സജീവമാണ്.
ഭരണവിരുദ്ധ വികാരമില്ലാത്തതും പ്രീപോൾ സർവേകളിലെ മുൻതൂക്കവുമെല്ലാം നൽകിയ ആത്മവിശ്വാസത്തിൽ ബാഘേലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തുടക്കം മുതൽ പ്രചാരണത്തിൽ ഏറെ മുന്നിലായിരുന്നു. ഇതിനിടയിലാണ്, മഹാദേവ് ആപ് ഹവാല ഇടപാട് കേസിൽ പിടിയിലായ ആൾക്ക് ബാഘേലുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചെന്ന ഇ.ഡി പ്രസ്താവന വരുന്നത്. പ്രചാരണ വിഷയമില്ലാതെ പ്രയാസപ്പെട്ടിരുന്ന ബി.ജെ.പി ഇതോടെ ബാഘേലിനെതിരെ 500 കോടിയുടെ അഴിമതി ആരോപണവുമായി പ്രത്യാക്രമണം തുടങ്ങി.
ബി.ജെ.പിയുടെ പരമ്പരാഗത തെരഞ്ഞെടുപ്പ് വിഷയങ്ങളായ പശു, ശ്രീരാമഭക്തി ഉൾപ്പെടെയുള്ളവ, ഭരണകാലത്തെ വിവിധ പദ്ധതികളിലൂടെ ബാഘേൽ സമർഥമായി കൈക്കലാക്കിയിരുന്നു. ‘ഗോധൻ ന്യായ് യോജന’ എന്ന പേരിൽ കിലോക്ക് രണ്ട് രൂപ നിരക്കിൽ ചാണകം സംഭരിച്ചു, പകൽസമയത്ത് പശുക്കളെ പരിപാലിക്കുന്ന കേന്ദ്രങ്ങൾ സ്ഥാപിച്ച് അവ ഗ്രാമീണ വ്യവസായ പാർക്കുകളാക്കി മാറ്റി. ശ്രീരാമന്റെ ഓർമകൾ സജീവമായി നിലനിർത്താൻ നിരവധി പദ്ധതികൾ നടപ്പാക്കി. ദേശീയതക്ക് പകരം കോൺഗ്രസ് പ്രാദേശിക വാദത്തെ ശക്തമാക്കി കൊണ്ടുവന്നതും ബി.ജെ.പിക്ക് പ്രതിസന്ധിയുണ്ടാക്കി. ഇതോടെ പ്രചാരണ വിഷയങ്ങളില്ലാതെ പ്രയാസപ്പെട്ട ബി.ജെ.പി പുതിയ വിഷയം തേടുന്നതിനിടെയാണ് കൃത്യസമയത്ത് അഴിമതി ആരോപണം ഉയരുന്നത്.
ആദ്യഘട്ടത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹേമന്ദ ബിശ്വ ശർമ എന്നിവരെ ഇറക്കി വർഗീയ വിദ്വേഷം വിതറിയെങ്കിലും കാര്യമായി ഏശിയിരുന്നില്ല. മഹാദേവ് ആപ്പിൽ പിടിച്ച് കയറുമ്പോഴേക്ക് നവംബർ ഏഴിന് 20 മണ്ഡലങ്ങളിലേക്കുള്ള ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നു. എന്നാൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വിഷയം സജീവമാക്കാൻ സാധിച്ചു. മഹാദേവ് വിഷയം ഉന്നയിച്ച് മോദി ബാഘേലിനെ കടന്നാക്രമിക്കുന്നുണ്ട്.
കഴിഞ്ഞ തവണ നിർജീവമായ ആർ.എസ്.എസ് ഇക്കുറി സജീവമായത് ബി.ജെ.പിക്ക് ആശ്വാസമാണ്. അരുൺ സാഹുവിനെ പാർട്ടി അധ്യക്ഷനാക്കിയത് പ്രധാന വോട്ടുബാങ്കായ സാഹു വിഭാഗത്തിന്റെ പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്. മോദിയെ ഉയർത്തിക്കാട്ടി തന്നെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് നേരിടുന്നത്. 15 വർഷം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന രമൺസിങ് പ്രതിപക്ഷത്തായപ്പോൾ നിർജീവമായത് തിരിച്ചടിയാകുമെന്നാണ് സ്വന്തം മണ്ഡലത്തിൽ അദ്ദേഹം വിയർക്കുന്നത് കാണുമ്പോൾ തോന്നുന്നത്. 2018ൽ 90ൽ 15 മണ്ഡലങ്ങളാണ് ബി.ജെ.പിക്ക് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.