അജിത് ജോഗിയില്ലാത്ത ഛത്തിസ്ഗഢിൽ അണികൾ ആർക്കൊപ്പം?
text_fieldsഛത്തിസ്ഗഢ് രാഷ്ട്രീയത്തിലെ അതികായനായിരുന്നു അജിത് ജോഗി. ജില്ലാ കലക്ടറെന്ന നിലയിലുള്ള മിടുക്ക് കണ്ട് രാജീവ് ഗാന്ധിയാണ് ജോഗിയെ രാഷ്ട്രീയത്തിലെത്തിച്ചത്. 2000ൽ മധ്യപ്രദേശിൽനിന്നും വേർതിരിച്ച് സംസ്ഥാനമുണ്ടാക്കിയപ്പോൾ ഛത്തിസ്ഗഢിലെ ആദ്യ മുഖ്യമന്ത്രിയായി.
പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിനെ നയിച്ച ജോഗി 2016ൽ പാർട്ടിവിട്ട് ജനത കോൺഗ്രസ് ഛത്തിസ്ഗഢ് (ജെ.സി.സി) രൂപവത്കരിച്ചു. 2016ൽ മകൻ അമിത് ജോഗിയെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണു ജോഗി കോൺഗ്രസ് വിട്ടത്. ബി.ജെ.പി സ്ഥാനാർഥിയുടെ ജയത്തിനായി കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കാൻ ജോഗിയും മകനും ശ്രമം നടത്തിയെന്ന ഓഡിയോ പുറത്തായതിനെ തുടർന്നായിരുന്നു ഇത്.
2018ൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങി കോൺഗ്രസിനെ ഞെട്ടിക്കാൻ ജെ.സി.സിക്കായി. ബി.എസ്.പി, സി.പി.ഐ പാർട്ടികളുമായി സഖ്യം ചേർന്നായിരുന്നു ജെ.സി.സി തെരഞ്ഞെടുപ്പ് നേരിട്ടത്. ജെ.സി.സിക്ക് അഞ്ച് ഉൾപ്പെടെ സഖ്യത്തിന് ഏഴ് സീറ്റ് ലഭിച്ചു.
പാർട്ടി പതിയെ വളരുന്നതിടെയാണ് 2020ൽ ജോഗിയുടെ മരണം. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ജെ.സി.സിക്ക് രണ്ട് സീറ്റ് നഷ്മമായി. രണ്ട് എം.എൽ.എമാരെ പാർട്ടി പുറത്താക്കുകയും ചെയ്തു. അജിത് ജോഗിയുടെ ഭാര്യ രേണുക ജോഗി മാത്രമാണ് നിലവിൽ പാർട്ടിക്ക് എം.എൽ.എ ആയിട്ടുള്ളത്.
അജിത് ജോഗിയുടെ മരണത്തോടെ പാർട്ടിയുടെ കടിഞ്ഞാൺ മകൻ അമിത് ജോഗിയുടെ കൈയിലാണ്. അച്ഛന്റെ രാഷ്ട്രീയപാടവം മകന് ലഭിച്ചിട്ടില്ല. ഇക്കുറി ജെ.സി.സി ഒറ്റക്കാണ് മത്സരിക്കുന്നത്. ബി.എസ്.പിയും സി.പി.ഐയും തനിച്ചാണ് മത്സരിക്കുന്നത്.
അജിത് ജോഗി സംസ്ഥാനത്ത് ഒരു വികാരമായിരുന്നു. അതാണ് ജെ.സി.സിക്ക് വോട്ടായി മാറിയത്. അദ്ദേഹത്തിന്റെ മരണത്തോടെ അത് ഇനിയുണ്ടാകില്ലെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. രേണുക മത്സരിക്കുന്ന കോട്ട ചിലപ്പോൾ ജെ.സി.സിക്ക് ലഭിച്ചേക്കാം.
മറ്റു സീറ്റുകളിൽ 2018ൽ തങ്ങൾക്ക് നഷ്ടമായ വോട്ടുകൾ തിരികെ ലഭിക്കുമെന്നുമാണ് കോൺഗ്രസ് പ്രതീക്ഷ. ജെ.സി.സിക്ക് ലഭിച്ച സത്ന്മി, ഒ.ബി.സി വോട്ടുകളിലാണ് കോൺഗ്രസിന്റെ നോട്ടം. സവർണ വിഭാഗമായ ലോർമി വോട്ടുകളിലാണ് ബി.ജെ.പിയുടെ കണ്ണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.