ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു
text_fieldsദന്തേവാഡ: ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10.30ഓടെ ദന്തേവാഡ, ബിജാപുർ ജില്ലകളുടെ അതിർത്തിക്ക് സമീപമുള്ള വനത്തിലായിരുന്നു ഏറ്റുമുട്ടലെന്ന് ബസ്തർ മേഖല ഐ.ജി പി.സുന്ദർ രാജ് പറഞ്ഞു.
നക്സലൈറ്റുകളുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ജില്ല റിസർവ് ഗാർഡും കേന്ദ്ര റിസർവ് പൊലീസ് സേനയും (സി.ആർ.പി.എഫ്) സംയുക്തമായി പരിശോധനക്കെത്തിയത്. വെടിവെപ്പ് ദീർഘനേരം നീണ്ടു നിന്നു. ഇതിനുശേഷമാണ് യൂനിഫോം ധരിച്ച ഒമ്പത് നക്സലൈറ്റുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഐ.ജി. കൂട്ടിച്ചേർത്തു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും കണ്ടെത്തി. ഇതോടെ ഛത്തീസ്ഗഢിൽ ഈ വർഷം സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നക്സലൈറ്റുകൾ 154 ആയി. ബസ്തർ മേഖലയിൽ ദന്തേവാഡ, ബിജാപുർ ഉൾപ്പെടെ ഏഴു ജില്ലകളാണുള്ളത്. അതേസമയം, ബിജാപുർ ജില്ലയിൽ രണ്ടു ദിവസത്തിനിടെ 13 നക്സലൈറ്റുകളെ സംയുക്ത ദൗത്യസേന അറസ്റ്റ്ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.