കള്ളപ്പണം വെളുപ്പിക്കൽ: ഐ.എ.എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; നാലുകോടി രൂപ പിടിച്ചെടുത്തു
text_fieldsറായ്പൂർ: കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഐ.എ.എസ് ഉദ്യോഗസ്ഥനെയും മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചണ്ഡീഗഡ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ സമീർ വിഷ്ണോയിയെയും മറ്റ് രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. ഈയാഴ്ച ആദ്യം ഛത്തീസ്ഗഡിലെ വിവിധ നഗരങ്ങളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് അറസ്റ്റ്.
ഇന്ദ്രമണി ഗ്രൂപ്പിലെ വ്യവസായി സുനിൽ അഗർവാൾ, ഒളിവിൽ കഴിയുന്ന വ്യവസായി സൂര്യകാന്ത് തിവാരിയുടെ അമ്മാവൻ ലക്ഷ്മികാന്ത് തിവാരി എന്നിവരെയാണ് സമീർ വിഷ്ണോയിക്കൊപ്പം റായ്പൂരിൽ നിന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.നാലു കോടി രൂപയും ആഭരണങ്ങളും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്.
2009 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസറായ സമീർ വിഷ്ണോയ് ഇപ്പോൾ ഛത്തീസ്ഗഡ് ഇൻഫോടെക് പ്രൊമോഷൻ സൊസൈറ്റിയുടെ സി.ഇ.ഒ ആണ്.
സംസ്ഥാനത്തെ കൽക്കരി, ഖനന ട്രാൻസ്പോർട്ടർമാരിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ വ്യവസായികളും കൈക്കൂലി ഈടാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയാണ് അറസ്റ്റിലേക്ക് നയിച്ചത്.
ചൊവ്വാഴ്ച തുടങ്ങിയ റെയ്ഡിൽ ഐഎഎസ് ഉദ്യോഗസ്ഥയും റായ്ഗഡ് ജില്ലാ കലക്ടറുമായ റാനു സാഹുവിന്റെ വസതിയും ഏജൻസി സീൽ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.