ബ്രാഹ്മണർക്കെതിരായ പരാമർശം; ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഘേലിന്‍റെ പിതാവിന് ജാമ്യം
text_fieldsന്യൂഡൽഹി: ബ്രാഹ്മണർക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഘേലിന്‍റെ പിതാവിന് ജാമ്യം. റായ്പൂർ കോടതിയാണ് നന്ദകുമാർ ബാഘേലിന് ജാമ്യം അനുവദിച്ചത്.
റായ്പൂർ പൊലീസാണ് ഭൂപേഷ് സിങ് ബാഗലിന്‍റെ പിതാവ് നന്ദ കുമാർ ബാഘേലിനെ ഈ ആഴ്ച അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശേഷം നന്ദകുമാർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നില്ല. അദ്ദേഹത്തെ പിന്നീട് കോടതിയിൽ ഹാജരാക്കി 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിന്നാലെയാണ് നന്ദകുമാറിന്‍റെ അഭിഭാഷകൻ ഗജേന്ദ്ര സോൻകാർ ജാമ്യാപേക്ഷ നൽകിയത്. മൂന്ന് ദിവസമാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞത്.
ബ്രാഹ്മണ സമൂഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നന്ദകുമാർ ബാഘേലിനെതിരെ ഡി.ഡി നഗർ പൊലീസാണ് കേസെടുത്തത്. ബ്രാഹ്മണർ വിദേശത്ത് നിന്നും വന്നതാണെന്നും പരിഷ്കരണത്തിന് അവർ തയാറാകണമെന്നും അല്ലെങ്കിൽ ഗംഗയിൽ നിന്നും വോൾഗയിലേക്ക് പോകാമെന്നുമായിരുന്നു നന്ദ കുമാറിന്‍റെ പരാമർശം.
ആരും നിയമത്തിന് മുകളിലല്ലെന്നായിരുന്നു പിതാവിന്‍റെ പരാമർശത്തോടുള്ള ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ മറുപടി. പിതാവിനെ താൻ ബഹുമാനിക്കുന്നു. എന്നാൽ പൊതുക്രമത്തെ തകർക്കുന്ന തെറ്റുകൾ വെച്ചുപൊറുപ്പിക്കാനാവില്ല. ആരും നിയമത്തിന് മുകളിലല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.