സംവരണം 76 ശതമാനമാക്കി ഉയർത്തി ഛത്തീസ്ഗഡ് കോൺഗ്രസ് സർക്കാർ
text_fieldsറായ്പൂർ: വിദ്യഭ്യാസ മേഖലയിലും ജോലിക്കും സംവരണം 76 ശതമാനമാക്കി ഉയർത്തി ഛത്തീസ്ഗണ്ഡ് നിയമസഭ. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സംവരണ തോതാണിത്. ഭൂപേഷ് ഭാഗലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന്റെ നപടിയെ എതിർക്കാതെ സഭ ഒറ്റക്കെട്ടയാണ് സംവരണം ഉയർത്താനുള്ള രണ്ട് ബില്ലുകൾ പാസാക്കിയത്.
ബില്ലുകൾ ഗവർണർ അംഗീകരിച്ചാൽ നിയമമാവുകയും അതുവഴി ആകെ സീറ്റുകളുടെ 76 ശതമാനവും സംവരണ സീറ്റുകളായി മാറുകയും ചെയ്യും. അതിൽ 32 ശതമാനം പട്ടിക വർഗം, 13 ശതമാനം പട്ടിക ജാതി, 27 ശതമാനം ഒ.ബി.സി, നാല് ശതമാനം മറ്റ് സംവരണങ്ങളിൽ ഉൾപ്പെടാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് എന്നിങ്ങനെയാണ് സീറ്റുകൾ വിഭജിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഈ രണ്ട് ബില്ലുകൾ ചർച്ച ചെയ്യാനായി സഭയുടെ പ്രത്യേക യോഗം ചേരുകയായിരുന്നു.
2012 ൽ ബി.ജെ.പി സർക്കാർ 32 ശതമാനം എസ്.ടി, 12 ശതമാനം എസ്.സി, 14 ശതമാനം ഒ.ബി.സി എന്നിങ്ങനെയായിരുന്നു നിശ്ചയിച്ചിരുന്നത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയും കോടതി സെപ്തംബർ 19ന് ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. ആകെ സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
ഇതോടെ സംവരണ സീറ്റുകൾ 2012ന് മുമ്പുള്ള അവസ്ഥയിലായി. ആദിവാസി വിഭാഗങ്ങൾക്ക് 20 ശതമാനം, പട്ടിക ജാതിക്കാർക്ക് 16 ശതമാനം, ഒ.ബി.സിക്ക് 14 ശതമാനം എന്നിങ്ങനെയാണ് 2012 ന് മുമ്പുണ്ടായിരുന്നത്. ഇതേ അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
സംവരണ സീറ്റുകൾ ഇല്ലാതായതോടെ സ്കൂൾ പ്രവേശനവും ജോലിക്ക് ആളെ എടുക്കുന്നതും തടസപ്പെട്ടിരുന്നു. ഇത് സംസ്ഥാന വ്യാപകമായി ആദിവാസി വിഭാഗങ്ങളുടെ പ്രതിഷേധത്തിന് ഇടവെച്ചു. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചാണ് പുതിയ നിയമങ്ങൾക്ക് ശ്രമിച്ചത്. ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ പുതിയ സംവരണ നിയമം ഉൾപ്പെടുത്തണമെന്നാണ് സർക്കാർ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുന്നത്. ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തിയ നിയമങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.