ഛത്തീസ്ഗഢിലും മതംമാറ്റ നിരോധന നിയമം നടപ്പാക്കുമെന്ന് ബി.ജെ.പി; പത്മശ്രീ ജേതാക്കൾക്ക് മാസം 25,000 പെൻഷൻ
text_fieldsറായ്പൂർ: സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം ഉടൻനടപ്പാക്കുമെന്ന് ഛത്തീസ്ഗഡ് വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രി ബ്രിജ്മോഹൻ അഗർവാൾ. സംസ്ഥാനത്തിന്റെ മതപരമായ ജനസംഖ്യ മാറ്റാൻ നിരവധി ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം നിയമവിരുദ്ധമായ മതപരിവർത്തനം തടയാൻ ഇത്തവണ നിയമസഭ സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഗുജറാത്ത്, ഉത്തർപ്രദേശ് അടക്കം ബി.ജെ.പി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിൽ ഇതിനകം മതംമാറ്റ നിരോധന നിയമം പ്രാബല്യത്തിലുണ്ട്.
സംസ്ഥാനത്ത് അനധികൃതമായി നടക്കുന്ന മതപരിവർത്തന കേസുകൾ തടയുന്നതിനാണ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ബിൽ കൊണ്ടുവരുന്നതെന്ന് ബ്രിജ്മോഹൻ പറഞ്ഞു. വിദ്യാർഥികൾക്ക് സംസ്കാരവുമായി ബന്ധം നിലനിർത്താൻ സ്‌കൂളുകളിൽ മതപഠനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ വീണ്ടും രജിം കുംഭം സംഘടിപ്പിക്കുമെന്നും തീർഥയാത്ര പോകുന്നവർക്ക് ലക്ഷം രൂപവരെ ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു. ‘രാജ്യത്ത് ആദ്യമായി ഞങ്ങൾ രജിം കുംഭ കൽപ ആരംഭിച്ചു. എന്നാൽ, കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നയുടൻ ഇത് നിർത്തലാക്കി. കഴിഞ്ഞ അഞ്ചുവർഷം (കോൺഗ്രസ് കാലത്ത്) എത്ര സന്യാസിമാർ ഇവിടെ വന്നു? രജിം കുംഭത്തിൻ്റെ മഹത്വം കോൺഗ്രസ് അവസാനിപ്പിച്ചു. ഞങ്ങൾ കൾച്ചർ കണക്ട് സ്കീം കൊണ്ടുവരും. അയോധ്യയിലും തിരുപ്പതിയിലും പുരിയിലും ഛത്തീസ്ഗഡ് ധാം നിർമിക്കും. മാനസരോവറിലേക്ക് പോകുന്ന തീർഥാടകർക്ക് ഒരു ലക്ഷം രൂപ നൽകും. സിന്ധു ദർശനത്തിന് 25,000 രൂപയും മാഞ്ചിക്ക് 2500 രൂപയും ചാലക്കിക്ക് 2000 രൂപയും നൽകും. ഛത്തീസ്ഗഢിന്റെത് സിർപൂർ, രാംഗഢ്, ചമ്പാരൺ എന്നിവയുടെ സംസ്കാരമാണ്. കോൺഗ്രസ് സർക്കാർ ഛത്തീസ്ഗഢിൻ്റെ സംസ്കാരം ഭൗരയിലും ഗില്ലി ദണ്ഡയിലും സോന്തയിലും ഒതുക്കി. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഗഡ് കലേവ സ്ഥാപിക്കും. ഛത്തീസ്ഗഡിൽ ഭാരത് ഭവൻ നിർമിക്കും. ഛത്തീസ്ഗഡിലെ പത്മശ്രീ അവാർഡ് ജേതാക്കൾക്ക് പ്രതിമാസം 25,000 രൂപ പെൻഷൻ നൽകും’ -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.