ലിറ്ററിന് നാല് രൂപക്ക് പശുമൂത്രം വാങ്ങാൻ ഛത്തീസ്ഗഢ് സർക്കാർ; 150 കോടിയുടെ ചാണകം സംഭരിച്ചു
text_fieldsഗോധൻ ന്യായ് പദ്ധതി പ്രകാരം ഗോമൂത്രം ലിറ്ററിന് നാല് രൂപക്ക് വാങ്ങാനൊരുങ്ങി ഛത്തീസ്ഗഢ് സർക്കാർ. ജൂലൈ 28ന് ഇതിന് തുടക്കം കുറിക്കും. ഹരേലി ഉത്സവദിനത്തിൽ പശുമൂത്രം വാങ്ങുന്ന പദ്ധതിക്ക് തുടക്കമാകും.
പശുക്കളെ വളർത്തുന്നവർക്കും ജൈവ കർഷകർക്കും വരുമാനം നൽകാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് 'ഗോധൻ ന്യായ് യോജന' രണ്ട് വർഷം മുമ്പ് ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത രണ്ട് സ്വയംസഹായ കന്നുകാലി സംരക്ഷണ കേന്ദ്രങ്ങളിൽനിന്നുമാണ് ഗോമൂത്രം വാങ്ങുക. സംസ്ഥാനത്ത് ഗോമൂത്രം വാങ്ങുന്നതിന് ലിറ്ററിന് ചുരുങ്ങിയത് 4 രൂപ നൽകണമെന്നാണ് നിർദേശം. ഗോധൻ ന്യായ് മിഷൻ മാനേജിംഗ് ഡയറക്ടർ ഡോ. അയ്യാസ് തംബോലി എല്ലാ കലക്ടർമാരോടും ഗോമൂത്രം വാങ്ങുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ഉറപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് സ്വതന്ത്ര ഏജൻസികളെ കണ്ടെത്തുന്നതിനും അംഗങ്ങൾക്ക് പരിശീലനം നൽകുന്നതിനും ഒപ്പം പദ്ധതിയുടെ നടത്തിപ്പിനായി സ്വയം സഹായ വനിതാ ഗ്രൂപ്പിനെ തെരഞ്ഞെടുക്കുന്നതിനും കലക്ടർമാർ മേൽനോട്ടം വഹിക്കണം. സംഭരിക്കുന്ന ഗോമൂത്രം കീടനിയന്ത്രണ ഉൽപന്നങ്ങളും പ്രകൃതിദത്ത ദ്രാവക വളവും നിർമ്മിക്കാൻ ഉപയോഗിക്കുമെന്ന് തംബോലി അറിയിച്ചു.
രണ്ട് വർഷം മുമ്പ് 2020 ജൂലൈയിൽ ഹരേലി ഉത്സവത്തിൽ ഛത്തീസ്ഗഡ് 'ഗോധൻ ന്യായ് യോജന' ആരംഭിച്ചു. ഇതിന് കീഴിൽ മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കുന്നതിനായി ഗോതൻസിൽ നിന്ന് കിലോഗ്രാമിന് രണ്ട് രൂപ നിരക്കിൽ ചാണകം സംഭരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 20 ലക്ഷം ക്വിന്റലിലധികം മണ്ണിര കമ്പോസ്റ്റ്, സൂപ്പർ കമ്പോസ്റ്റ്, സൂപ്പർ പ്ലസ് കമ്പോസ്റ്റ് എന്നിവ ചാണകത്തിൽ നിന്ന് വനിതാ സ്വയം സഹായ സംഘങ്ങൾ ഉൽപ്പാദിപ്പിച്ച് 143 കോടി രൂപ ലഭിച്ചു. ഈ പദ്ധതി പ്രകാരം 150 കോടിയിലധികം വിലമതിക്കുന്ന ചാണകവും സംഭരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.