ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ രാജ്യദ്രോഹക്കുറ്റം; സർക്കാർ നയങ്ങളെ വിമർശിക്കുന്ന കടലാസ് തുണ്ടുകൾ കണ്ടെടുത്തതായി പൊലീസ്
text_fieldsറായ്പൂർ: ഛത്തീസ്ഗഡ് സംസ്ഥാന പൊലീസ് അക്കാദമി ഡയറക്ടറും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ആർ ജി.പി. സിങ്ങിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. സർക്കാറിനും ഒരുരാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾക്കും ജനപ്രതിനിധികൾക്കുമെതിരെ ശത്രുത വളർത്തുന്ന തരത്തിൽ ഗൂഡാലോചന നടത്തിയെന്നാണ് പൊലീസിന്‍റെ ആരോപണം. ഇതിന് തെളിവായി സർക്കാർ നയങ്ങളെ വിമർശിക്കുന്ന കടലാസ് തുണ്ടുകൾ കണ്ടെടുത്തതായി പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.
ഛത്തീസ്ഗഡ് ആന്‍റി കറപ്ഷൻ ബ്യൂറോ (എ.സി.ബി)യും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും (ഇ.ഒ.ഡബ്ല്യു) ജൂലൈ ഒന്നുമുതൽ മൂന്നുവരെ സിങ്ങിന്‍റെ ഓഫിസിലും വസതിയിലും റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരിൽ ഈ ആഴ്ച തുടക്കത്തിൽ അദ്ദേഹത്തെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ചയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
റെയ്ഡുമായി ബന്ധപ്പെട്ട് എ.സി.ബിയും ഇ.ഒ.ഡബ്ല്യുയും പൊലീസിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് റായ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. സിങ്ങിന്‍റെ വസതിയിൽനിന്ന് മതത്തിന്‍റെയും രാഷ്ട്രീയത്തിന്റെയും പേരിൽ സർക്കാരിനും ജനപ്രതിനിധികൾക്കുമെതിരെ ശത്രുത വളർത്തുന്ന രേഖകൾ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു. ഐപിസി 124-എ (രാജ്യദ്രോഹക്കുറ്റം), 153-എ (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) എന്നീ വകുപ്പുകൾ പ്രകാരം റായ്പൂർ സിറ്റി കോട്വാലി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
1994 ബാച്ച് ഉദ്യോഗസ്ഥനായ സിങ് നേരത്തെ എ.സി.ബിയുടെയും ഇ.ഒ.ഡബ്ല്യുവിന്‍റെയും അഡീഷനൽ ഡയരക്ടർ ജനറലായിരുന്നു. ജൂലൈ അഞ്ചിന് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെടുന്നതിന് ഏതാനും നാളുകൾ മുമ്പാണ് സംസ്ഥാന പൊലീസ് അക്കാദമി ഡയറക്ടറായി നിയമിക്കപ്പെട്ടത്.
റായ്പൂരിലെ ഔദ്യോഗിക വസതിയിൽ നടത്തിയ റെയ്ഡിനിടെ വീട്ടുമുറ്റത്ത് നിന്ന് കീറിപ്പറിഞ്ഞ കടലാസുകൾ കണ്ടെത്തിയെന്നും അവ ചേർത്തുവെച്ചപ്പോൾ ഗൗരവമുള്ള ഉള്ളടക്കമാണ് അതിൽ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ''ഗൂഡാലോചനയുടെ വിശദമായ പദ്ധതികൾക്കൊപ്പം രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കെതിരെയുള്ള ആക്ഷേപകരമായ അഭിപ്രായങ്ങളും ഇതിലുണ്ട്. വിവിധ നിയമസഭാ മണ്ഡലങ്ങളിലെ പ്രതിനിധികളുമായും സ്ഥാനാർത്ഥികളുമായും ബന്ധപ്പെട്ട രഹസ്യ വിലയിരുത്തലുകളും ബന്ധപ്പെട്ട പ്രദേശത്തെ സുപ്രധാന പ്രശ്നങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും അതിൽ എഴുതിയിട്ടുണ്ട്. സർക്കാർ പദ്ധതികളെയും നയങ്ങളെയും സാമൂഹിക, മതപരമായ വിഷയങ്ങളെയും വിമർശനാത്മകമായി വിലയിരുത്തുന്ന അഭിപ്രായങ്ങളും ഈ കടലാസ് തുണ്ടുകളിൽ കണ്ടെത്തി'' -എഫ്.ഐ.ആറിൽ പറയുന്നു.
സിങ്ങിന്‍റെ സുഹൃത്തായ മണി ഭൂഷന്‍റെ റായ്പൂരിലെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്ന് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സർക്കാർ പദ്ധതികൾ, നയങ്ങൾ എന്നിവയ്‌ക്കെതിരെ ഇംഗ്ലീഷിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ അഞ്ച് പേജുള്ള രേഖ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത രേഖകളിൽ സർക്കാരിനെതിരായ വിദ്വേഷവും അസംതൃപ്തിയും വളർത്തുന്ന പ്രകോപനപരമായ ഉള്ളടക്കങ്ങളുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.