ബി.ജെ.പി വിജയത്തിന് പിന്നാലെ ക്ഷേത്രത്തിലെത്തി വിരലറുത്ത് മാറ്റി യുവാവ്
text_fieldsറായ്പൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തിന് പിന്നാലെ ക്ഷേത്രത്തിലെത്തി വിരലറുത്ത് മാറ്റി യുവാവ്. ദുർഗേഷ് പാണ്ഡേ്യയെന്ന 30കാരനാണ് വിരലറുത്ത് മാറ്റിയത്. ഛത്തീസ്ഗഢിലെ ബരാംപൂരിലാണ് സംഭവം. വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് കോൺഗ്രസ് ലീഡ് ചെയ്യുന്നത് കണ്ട് ഇയാൾ അടുത്തുള്ള കാളിക്ഷേത്രത്തിലെത്തി ബി.ജെ.പിക്ക് വേണ്ടി പ്രാർഥിച്ചു. വോട്ടെണ്ണലിനൊടുവിൽ ബി.ജെ.പി ജയിച്ചതോടെ കാളി ക്ഷേത്രത്തിലെത്തി ഇയാൾ വിരൽമുറിക്കുകയായിരുന്നു.
വിരൽ മുറച്ചിതിന് പിന്നാലെയുണ്ടായ രക്തസ്രാവം തുണി ഉപയോഗിച്ച് തടയാൻ ഇയാൾ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പിന്നീട് അടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഇയാളെ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു.
ഡോക്ടർമാർ ഉടൻ തന്നെ മുറിച്ച് മാറ്റിയ കൈവിരൽ തുന്നിച്ചേർക്കാനായി ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. യുവാവ് ഇപ്പോൾ അപകടനിലതരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. കോൺഗ്രസിന്റെ മുന്നേറ്റത്തിൽ ഗ്രാമത്തിലെ പാർട്ടി പ്രവർത്തകർ സന്തോഷിക്കുന്നത് തന്നെ അസ്വസ്ഥതപ്പെടുത്തി. തുടർന്ന് തന്റെ വിശ്വാസപ്രകാരം കാളിക്ഷേത്രത്തിലെത്തി പ്രാർഥിക്കുകയായിരുന്നു.
ബി.ജെ.പി വിജയം നേടിയതോടെ കാളിക്ക് താൻ വിരൽ സമർപ്പിക്കുകയായിരുന്നു. മോദി 400ലേറെ സീറ്റുകളിൽ വിജയിച്ചിരുന്നുവെങ്കിൽ തനിക്ക് കൂടുതൽ സന്തോഷമായേനെയെന്നും പാണ്ഡേ്യ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ എൻ.ഡി.എയും ഇൻഡ്യയും ഒപ്പത്തിനൊപ്പം മുന്നേറിയിരുന്നു. വോട്ടെണ്ണലിനൊടുവിൽ മികച്ച മുന്നേറ്റമാണ് ഇൻഡ്യ സഖ്യം ഉണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.