ഛത്തീസ്ഗഢിൽ 1100 ക്രിസ്ത്യാനികളെ ഘർവാപസി നടത്തി; ബിജെപി സംസ്ഥാന സെക്രട്ടറി കാൽകഴുകി ചടങ്ങിന് നേതൃത്വം നൽകി -VIDEO
text_fieldsബസ്ന: ക്രിസ്തുമത വിശ്വാസികൾക്ക് നേരെ വ്യാപക അതിക്രമം അരങ്ങേറിയ ചത്തീസ്ഗഢിൽ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ കൂട്ടമതംമാറ്റം.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രബൽ പ്രതാപ് സിങ് ജൂദേവിന്റെ നേതൃത്വത്തിൽ ഘർവാപ്പസി എന്നപേരിൽ നടന്ന ചടങ്ങിൽ 1100 ക്രിസ്തുമത വിശ്വാസികളെയാണ് ഹിന്ദുമതത്തിലേക്ക് മതംമാറ്റിയത്. ചൊവ്വാഴ്ച നടന്ന കൂട്ടമതംമാറ്റ ചടങ്ങിൽ പ്രതാപ് സിങ് ജൂദേവ്, ഗംഗ നദിയിലെ വെള്ളം ഉപയോഗിച്ച് 1100 പേരുടെയും പാദങ്ങൾ കഴുകി ഹിന്ദുമതത്തിലേക്ക് സ്വീകരിച്ചു. ഇവർക്ക് ഹിന്ദുമതം സ്വീകരിക്കാനുള്ള പ്രതിജ്ഞ പണ്ഡിറ്റ് ഹിമാൻഷു കൃഷ്ണ മഹാരാജ് ചൊല്ലിക്കൊടുത്തു.
325 കുടുംബങ്ങളിൽ നിന്നുള്ള 1100ഓളം പേർ തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞ് വീണ്ടും ഹിന്ദുമതം സ്വീകരിക്കാൻ രംഗത്തുവന്നതാണെന്ന് ജൂദേവ് പറഞ്ഞു. തങ്ങൾ വഴിതെറ്റിപ്പോയെന്നും വർഷങ്ങൾക്ക് മുമ്പ് മതപരിവർത്തനത്തിന് ഇരയായെന്നും ഘർ വാപ്പസിയിൽ പങ്കെടുത്ത ആളുകൾ പറഞ്ഞതായി ഇയാൾ അവകാശപ്പെട്ടു. ചടങ്ങിന്റെ വിഡിയോയും ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
“ബസ്നയിൽ സനാതൻ ധർമ്മത്തിലേക്ക് 1100 പേരെ ഘർ വാപ്പസി നടത്തുന്നതിൽ അഭിമാനമുണ്ട്. നമ്മുടെ വേരുകളിൽ ശുദ്ധമായ സൗന്ദര്യമുണ്ട്. നമ്മുടെ മതം നമ്മുടെ പൂർവ്വികരുടെ പാരമ്പര്യമാണ്. വീട്ടിലേക്ക് സ്വാഗതം” -ജൂദേവ് ട്വീറ്റ് ചെയ്തു.
"ഹിന്ദുക്കളെ രക്ഷിക്കുകയും മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കടമയാണ്. ഹിന്ദുക്കൾ വിഭജിക്കപ്പെട്ടപ്പോഴെല്ലാം ഹിന്ദു ജനസംഖ്യ കുറഞ്ഞു. നമുക്ക് നമ്മുടെ പൂർവ്വികരെ ബഹുമാനിക്കാം. ഹിന്ദുത്വം ദേശീയതയുടെ പ്രതീകമാണ്, അതിനാൽ നമുക്ക് ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാൻ കൈകോർക്കാം" -ജൂദേവ് കൂട്ടിച്ചേർത്തു.
മുമ്പും ജുദേവ് സംസ്ഥാനത്തുടനീളം ഇത്തരം മതംമാറ്റ ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ മഹാസമുന്ദ് ജില്ലയിലെ 1,250 പേരെ ഹിന്ദുമതത്തിലേക്ക് മതംമാറ്റി. 2021ൽ അദ്ദേഹം 400-ഓളം ക്രിസ്ത്യൻ കുടുംബങ്ങളെ ‘ഘർ വാപ്സി’ കാമ്പയിനിലൂടെ മതം മാറ്റിയതായും ഇയാൾ അവകാശപ്പെടുന്നു.
“ക്രിസ്ത്യൻ മിഷനറിമാർ പാവപ്പെട്ട ഹിന്ദുക്കളെ പ്രലോഭിപ്പിച്ച്, ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിച്ചുകൊണ്ട് അവരെ മതപരിവർത്തനം ചെയ്യുന്നത് തുടരുന്നു. അവർ ഹിന്ദുക്കളെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യുന്നു” ജുദേവ് സംഘ് പരിവാർ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.