മോദിക്ക് ചത്തീസ്ഗഡിനെ മാതൃകയാക്കാം; രാജ്ഭവൻ അടക്കമുള്ള നിർമാണ പ്രവൃത്തികൾ നിർത്തിവെച്ച് കോൺഗ്രസ് സർക്കാർ
text_fieldsറായ്പൂർ: കോവിഡ് പ്രതിസന്ധി കാലത്ത് സെൻട്രൽ വിസ്ത പദ്ധതിയുമായി മോദി സർക്കാർ മുന്നോട്ടു പോകുമ്പോൾ രാജ്ഭവൻ, മുഖ്യമന്ത്രിയുടെ വസതി, പുതിയ നിയമസഭ മന്ദിരം അടക്കമുള്ള ഡസനോളം നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ച് ചത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ. കൂടാതെ, മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വസതികളുടെ ടെൻഡർ നടപടികളും താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേഷ് ബാഹലിന്‍റെ നിർദേശത്തിന് പിന്നാലെ പൊതുമരാമത്ത് വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
"ഞങ്ങൾ ജനങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഹൽ ട്വീറ്റ് ചെയ്തു. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയാണെന്നും" മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്ഭവന്‍, മുഖ്യമന്ത്രിയുടെ വസതി, പുതിയ നിയമസഭ മന്ദിരം, മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ ഔദ്യോഗിക വസതികൾ, മറ്റ് 164 വീടുകൾ അടക്കമുള്ള പദ്ധതികൾ പുതിയ തലസ്ഥാനമായ നവ റായ്പൂരിലെ സെക്ടർ 24ലാണ് നടപ്പാക്കുന്നത്. 14 ഏക്കറിൽ രാജ് ഭവനും എട്ട് ഏക്കറിൽ മുഖ്യമന്ത്രിയുടെ വസതിയും 51 ഏക്കറിൽ പുതിയ നിയമസഭാ മന്ദിരവും ആണ് നിർമിക്കുക. 505 കോടി രൂപ ചെലവ് കണക്കാക്കി 2019ലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നിർമാണം പൂർത്തിയാക്കണമെന്നാണ് കരാറുകാർക്ക് നൽകിയ നിർദേശം.
കോവിഡ് കാലത്ത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. എന്നാൽ, പ്രതിപക്ഷ ആവശ്യത്തെ പ്രതിരോധിക്കാൻ ചത്തീസ്ഗഡിലെ നിർമാണപ്രവൃത്തികളാണ് ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിനുള്ള മറുപടി എന്ന നിലയിലാണ് കോൺഗ്രസ് ഭരണത്തിലുള്ള ചത്തീസ്ഗഡിലെ നിർമാണ പ്രവർത്തനങ്ങൾ സർക്കാർ നിർത്തിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.