സി.ആർ.പി.എഫ് ക്യാമ്പിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്ന് മരണം; പ്രക്ഷോഭം കനക്കുന്നു
text_fieldsറായ്പൂർ: തിങ്കളാഴ്ച ഛത്തിസ്ഗഢിലെ സി.ആർ.പി.എഫ് ക്യാമ്പിനെതിരെ പ്രതിഷേധിച്ച ആദിവാസികൾ നേരെ നടന്ന പൊലീസ് വെടിെവപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പ്രക്ഷോഭം ശക്തമാകുന്നു.
സുക്മ ജില്ലയിലെ സിൽഗർ ഗ്രാമത്തിനടുത്ത് പുതുതായി സ്ഥാപിതമായ സി.ആർ.പി.എഫ് സുരക്ഷ ക്യാമ്പിൽ നിന്ന് പുറപ്പെടുന്ന റോഡിൽ തിങ്കളാഴ്ചയാണ് പൊലീസ് വെടിവെപ്പുണ്ടായത്. നാലുദിവസമായി സുക്മയിലെയും ബിജാപൂരിലെയും 30 ഗ്രാമങ്ങളിൽ നിന്നുള്ള ആദിവാസികൾ ക്യാമ്പിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു.
'ഞങ്ങൾ നാല് ദിവസമായി ഇവിടെ പ്രതിഷേധിക്കുകയാണ്. കൈയ്യിലുണ്ടായിരുന്ന റേഷൻ തീർന്നു. അതിനാൽ ക്യാമ്പിനെതിരെ ഒരു മെമ്മോറാണ്ടം കൈമാറാമെന്ന് കരുതി. അവർ ഇനിയും ക്യാമ്പ് നീക്കത്തിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ മടങ്ങിയെത്താനാണ് തീരുമാനം' -പ്രതിഷേധക്കാരിൽ ഒരാളായ 65കാരനായ കോർസ സോമരു പറഞ്ഞു. എന്നാൽ പൊലീസ് തങ്ങളിൽ പെട്ട മൂന്ന് പേരുടെ ജീവനെടുത്തിനാൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് അവരുടെ തീരുമാനം.
പ്രതിഷേധം അവസാനിപ്പിക്കാൻ സുരക്ഷാ സേന വെടിയുതിർത്തുവെന്ന് ആദിവാസികൾ പറയുമ്പോൾ, പ്രതിഷേധക്കാരുടെ ഇടയിൽ നുഴഞ്ഞുകയറിയ നക്സലുകൾ സിൽഗർ ക്യാമ്പ് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 'ഞങ്ങളുടെ ആളുകൾ വെടിവെച്ച് സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു' -ബസ്തർ ഐ.ജി പി. സുന്ദർരാജ് പറഞ്ഞു.
സിൽഗറിനും ജഗർഗുണ്ടക്കും ഇടയിലുള്ള സി.ആർ.പി.എഫ് ഔട്ട്പോസ്റ്റ് വർഷങ്ങൾക്ക് മുേമ്പ പണി തുടങ്ങിയതാണ്. എന്നാൽ ഇക്കഴിഞ്ഞ മേയ് 12നാണ് ഇത് പ്രവർത്തനക്ഷമമായത്. ഇത് സമീപത്തെ 30 ഗ്രാമങ്ങളിലുള്ള ആദിവാസികളുടെ പ്രതിഷേധത്തിന് വഴിവെച്ചു. ഗ്രാമീണരെ നക്സലുകൾ ഇളക്കിവിടുകയാണെന്നാാണ് പൊലീസ് പറയുന്നത്.
തങ്ങളുടെ ഭൂമി തട്ടിയെടുത്താണ് ക്യാമ്പ് സ്ഥാപിച്ചതെന്ന് കാണിച്ച് സിൽഗർ ഗ്രാമത്തിൽ നിന്നുള്ളവരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. ശേഷം ഇത് അയൽപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
'ഒരു ആശുപത്രിക്കോ അല്ലെങ്കിൽ സ്കൂളിനോ ഞങ്ങൾ ഭൂമി ദാനമായി നൽകുമായിരുന്നു. റോഡ് നിർമാണത്തിനായി വിന്യസിച്ചിരിക്കുന്ന സേനയെയും ഞങ്ങൾ കാര്യമാക്കുന്നില്ല. പക്ഷേ ഞങ്ങൾക്ക് ഇവിടെ ഒരു ക്യാമ്പ് ആവശ്യമില്ല. ഇത് സ്ഥാപിതമായി കഴിഞ്ഞാൽ ഞങ്ങളുടെ സഞ്ചാരം മുതൽ ആചാരങ്ങൾ വരെ എല്ലാം നിരീക്ഷണത്തിന് കീഴിലാകും. നക്‌സലുകളെയും പൊലീസിനെയും ഭയന്ന് ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല' -പ്രതിഷേധക്കാരനായ സുനിൽ കോർസ പറഞ്ഞു. 35 അംഗ കുടുംബത്തിലെ അംഗമായ കോർസയുടെ 10 ഏക്കർ ഭൂമിയിലെ ആറ് ഏക്കർ ക്യാമ്പിനായി ഏറ്റെടുത്തിരിക്കുകയാണ്.
സ്ത്രീയടക്കം അഞ്ച്പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞില്ലെന്ന കാരണം പറഞ്ഞ് മൃതദേഹങ്ങൾ ഇതുവരെ കൈമാറിയിട്ടില്ല. ചുട്വായിൽ നിന്നുള്ള കാവാസി വാഗ (37), ഗുൻഡാമിൽ നിന്നുള്ള കോർസ ഭീമ (32), തിമ്മപുരത്ത് നിന്നുള്ള ഉയ്ക മുരളി (22) എന്നിവരാണ് മരിച്ചവരെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
പൊലീസ് അതിക്രമത്തിൽ 18 പേർക്ക് പരിക്കേറ്റു. 11 പേരെ സുക്മ ഫീൽഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏഴുപേരെ ബിജാപൂർ ജില്ല ആശുപത്രിയിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.