17 പേർ കൊല്ലപ്പെട്ട ഛത്തിസ്ഗഢിലെ ‘മാവോ വേട്ട’ വ്യാജമെന്ന് അന്വേഷണ കമീഷൻ
text_fieldsന്യൂഡൽഹി: 2012 ജൂണിൽ ഛത്തിസ്ഗഢിൽ ഏറ്റുമുട്ടലിനെത്തുടർന്ന് 17 മാവോവാദികളെ കൊലപ്പെടുത്തിയ സംഭവം സുരക്ഷ സേന കെട്ടിച്ചമച്ചതാണെന്ന സൂചന നൽകി ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട്. ബീജാപുർ ജില്ലയിലെ സർക്കേഗുദയിൽ ഒത്തുകൂടിയ നാട്ടുകാർക്കുനേരെ ഏകപക്ഷീയമായി സുരക്ഷസേന വെടിയുതിർക്കുകയായിരുന്നെന്ന് വിശദമാക്കിയ ജസ്റ്റിസ് വി.കെ. അഗർവാൾ ചെയർമാനായുള്ള ഏകാംഗ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടാണ് പുറത്തുവന്നത്.
രാജ്യം ചർച്ചചെയ്ത ‘മാവോ വേട്ട’ സുരക്ഷ സേനയുടെ കള്ളനാടകമായിരുന്നെന്നതിന് സൂചന നൽകുന്ന റിപ്പോർട്ട് കഴിഞ്ഞ മാസമായിരുന്നു സർക്കാറിന് സമർപ്പിച്ചത്. 2012 ജൂൺ 28ന് രാത്രിയാണ് മാവോവാദിവേട്ടക്ക് ഛത്തിസ്ഗഢ് സി.ആർ.പി.എഫ് സേന സർക്കേഗുദയിലെത്തുന്നത്. ‘മാവോവാദി’കൾ ഒത്തുചേർന്ന സ്ഥലത്തെത്തിയതോടെ അവർ വെടിയുതിർത്തെന്നും സ്വയരക്ഷക്ക് വെടിവെച്ചതിനെത്തുടർന്ന് പ്രായപൂർത്തിയാവാത്ത ആറുപേരുൾപ്പെടെ 17 മാവോവാദികൾ കൊല്ലപ്പെട്ടുവെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം. ആറ് സൈനികർക്കും പരിക്കേറ്റിരുന്നു.
ഔദ്യോഗിക വിശദീകരണം പാടെ തള്ളിയ കമീഷൻ റിപ്പോർട്ടിെൻറ പ്രസക്ത ഭാഗങ്ങൾ
- സുരക്ഷ സേന പരിഭ്രാന്തിയിൽ വെടിവെച്ചതാകാം
- ഉദ്യോഗസ്ഥക്ക് വെടിയേറ്റത് ‘സൗഹൃദ ഏറ്റുമുട്ടലി’നെത്തുടർന്ന്
- മാവോവാദികളാണ് യോഗം ചേർന്നതെന്നതിനും അവർ യോഗത്തിൽ സംബന്ധിച്ചിരുന്നതിനും കൊല്ലപ്പെട്ടവർ മാവോവാദികളായിരുന്നുവെന്നതിനും തെളിവില്ല.
- യോഗം ചേർന്നവർ തിരിച്ച് വെടിയുതിർത്തതിന് തെളിവില്ല. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ തോക്കിൽനിന്ന് വെടിയുതിർന്നിട്ടില്ല.
- സംശയകരമായ ശബ്ദം കേട്ടതിനെത്തുടർന്ന് ചകിതരായി സേന വെടിയുതിർത്തതാകാം.
- സേനാംഗങ്ങൾക്കുണ്ടായ പരിക്ക് സഹപ്രവർത്തകരുടെ വെടിയിൽ നിന്നാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
- തൊട്ടടുത്തുനിന്ന് തലക്കാണ് പലർക്കും വെടിയേറ്റത്.
- ജൂൺ 28ൽ വെടിവെപ്പിനുശേഷം, 29ന് രാവിലെയാണ് ഇർപ രമേഷ് എന്ന ചെറുപ്പക്കാരൻ മർദനമേറ്റ് കൊല്ലപ്പെട്ടത്. രാവിലെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയതാണെന്ന് ബന്ധുക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.