കോഴി പക്ഷിയല്ല മൃഗമെന്ന് ഗുജറാത്ത് സർക്കാർ കോടതിയിൽ; കോഴിയിറച്ചി വിൽപനക്കാർ ആശങ്കയിൽ
text_fieldsഅഹമ്മദാബാദ്: ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് ആക്ട് പ്രകാരം കോഴിയെ മൃഗമായാണ് കണക്കാക്കുന്നതെന്ന് ഗുജറാത്ത് സർക്കാർ. കോഴി മൃഗമാണോ പക്ഷിയാണോ എന്ന ഗുജറാത്ത് ഹൈകോടതിയുടെ ചോദ്യത്തിനാണ് സർക്കാറിന്റെ മറുപടി. ജസ്റ്റിസ് എൻവി അൻജാരിയ, ജസ്റ്റിസ് നിരൾ മേത്ത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.
ഹരജികളിൽ വിശദീകരണം നൽകവെ സർക്കാർ പ്ലീഡർ മനീഷ ലവ്കുമാറാണ് കോഴികൾ മൃഗനിയമ പരിധിയിൽ വരുന്നതാണെന്ന് വ്യക്തമാക്കിയത്. മത്സ്യങ്ങൾ ഇതിന്റെ പരിധിയിൽ വരില്ലെന്നും അഭിഭാഷകൻ അറിയിച്ചു. ഇതനുസരിച്ച് കോഴിയെ മൃഗമായി കണക്കാക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടാൽ, പിന്നീട് കശാപ്പുശാലകളിൽ മാത്രമേ കോഴിയെ അറുക്കാനാകൂ. ഇത് കോഴികർഷകരെയും കോഴിയിറച്ചി കടകളെയും പ്രതികൂലമായി ബാധിക്കും.
പക്ഷികളെ ഇറച്ചിക്കടകൾക്ക് അറുക്കാനായി വിതരണം ചെയ്യുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് അനിമൽ വെൽഫെയർ ഫൗണ്ടേഷൻ, അഹിംസ മഹാസംഘ് എന്നീ സന്നദ്ധ സംഘടനകളാണ് വിഷയത്തിൽ ഹൈകോടതിയെ സമീപിച്ചിരുന്നത്. കോഴികളെ കശാപ്പുശാലകളിൽ വച്ച് മാത്രമേ അറുക്കാൻ അനുവദിക്കാവൂ എന്നാണ് ഇവരുടെ ആവശ്യം.
നിയമലംഘനം ആരോപിച്ച് സംസ്ഥാനത്തുടനീളം തദ്ദേശ സ്ഥാപനങ്ങൾ ഇറച്ചിക്കടകളിൽ പരിശോധന നടത്തുകയും അടച്ചുപൂട്ടിക്കുകയും ചെയ്തിരുന്നു. കോഴി വിൽപനക്കാരുടെ സംഘടന ഇതിനെതിരെ രംഗത്തെത്തുകയും വിഷയത്തില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കോഴികളെ കശാപ്പുശാലകളിൽ വച്ച് അറുക്കുന്നത് പ്രായോഗികമല്ലെന്ന് കോഴിക്കടയുടമകൾക്ക് വേണ്ടി ഹാജരായ അഡ്വ. കവിന വാദിച്ചു. കശാപ്പുശാലയില്‍ മറ്റു മൃഗങ്ങളെ അറുക്കുന്നതിന് മുമ്പും ശേഷവും മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. കോഴികളുടെ കാര്യത്തിൽ അതെങ്ങനെ സാധ്യമാകും- അവർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.