അരുന്ധതിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരെ ചിദംബരം
text_fieldsന്യൂഡൽഹി: രാജ്യവിരുദ്ധ പ്രസംഗം നടത്തിയെന്ന് കുറ്റപ്പെടുത്തി 2010ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്, കശ്മീരിലെ മുൻ പ്രഫസർ ശൈഖ് ഷൗക്കത്ത് ഹുസൈൻ എന്നിവരെ കുറ്റവിചാരണ നടത്താൻ ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന അനുമതി നൽകിയതിനെതിരെ മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. പ്രസംഗത്തിന്റെ പേരിൽ 2010ൽ രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്യാൻ ന്യായമില്ല. ഇപ്പോൾ കുറ്റവിചാരണക്ക് അനുമതി നൽകുന്നതിലും ന്യായമില്ല -ചിദംബരം പറഞ്ഞു.
13 വർഷം മുമ്പ് കേസ് രജിസ്റ്റർ ചെയ്ത സമയത്ത് സ്വീകരിച്ച അതേ നിലപാടാണ് ഇന്നും തനിക്ക്. രാജ്യദ്രോഹ നിയമം സുപ്രീംകോടതി പലവട്ടം വിശദീകരിച്ചിട്ടുള്ളതാണ്. പ്രത്യക്ഷത്തിൽ അക്രമത്തിന് പ്രേരിപ്പിക്കാത്ത പ്രസംഗം രാജ്യദ്രോഹമാകില്ല -ചിദംബരം കൂട്ടിച്ചേർത്തു. ഒരാളുടെ പ്രസംഗത്തോട് എത്രത്തോളം വിയോജിച്ചാൽകൂടി, ഭരണകൂടം സഹിഷ്ണുത കാണിക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പമാണ് താൻ. ബ്രിട്ടീഷ് കാലത്തെ രാജ്യദ്രോഹ നിയമത്തിന് എതിരുമാണ്. 124-എ വകുപ്പ് അടിക്കടി ദുരുപയോഗിക്കുന്നുണ്ട്. അത് എടുത്തു കളയണം. അക്രമത്തിന് പ്രേരിപ്പിക്കുന്നത് നേരിടാൻ നിരവധി നിയമവ്യവസ്ഥകൾ വേറെയുണ്ട്. ഡൽഹി ലഫ്. ഗവർണറും അദ്ദേഹത്തിനു മുകളിലുള്ളവരും സഹിഷ്ണുതയെക്കുറിച്ച് പറയുന്നതിനെ ചിദംബരം വിമർശിച്ചു.
ന്യൂസ്ക്ലിക് വെബ്സൈറ്റിനും ബന്ധപ്പെട്ട മാധ്യമ പ്രവർത്തകർക്കുമെതിരായ പൊലീസ് നടപടികൾക്കെതിരായ പ്രതിഷേധങ്ങളിൽ അരുന്ധതി റോയ് സജീവമായി പങ്കെടുത്തിരുന്നു. ദിവസങ്ങൾക്കകമാണ് 13 വർഷം പഴക്കമുള്ള രാജ്യദ്രോഹ, യു.എ.പി.എ കേസുകളിൽ പ്രോസിക്യൂട്ട് ചെയ്യാൻ ലഫ്. ഗവർണർ അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.