പ്രത്യേക സൗകര്യങ്ങളില്ല; തിഹാർ ജയിലിലെ ആദ്യ രാത്രിയിൽ അസ്വസ്ഥനായി ചിദംബരം
text_fieldsന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ രണ്ട് ആഴ്ച ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മുൻ ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന് ജയി ലിലെ ആദ്യരാത്രി ഉറക്കമില്ലാത്തത്.രാത്രി മുഴുവൻ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് ജയിൽ വൃത്തങ്ങൾ വ്യക്തമാക്കി . മുതിർന്ന കോൺഗ്രസ് നേതാവിനെ തിഹാറിലെ ഏഴാം നമ്പർ ജയിലിലാണ് പാർപ്പിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളിലെ പ്രതികൾക്കുള്ള സാധാരണ സെല്ലാണിത്.
ഇന്ന് രാവിലെ ആറ് മണിക്ക് ചിദംബരത്തിന് ചായയും പ്രഭാതഭക്ഷണത്തിനുളള ജയിൽ മെനുവും നൽകി. ബ്രെഡ്, ഉപ്പുമാവ്, കഞ്ഞി എന്നിവയാണ് ജയിലിലെ പ്രഭാതഭക്ഷണം. യു.പി.എ കാലഘട്ടത്തിലെ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളായ ചിദംബരത്തിന് തിഹാർ ജയിലിൽ പ്രത്യേക സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. സെല്ലിന് പുറത്ത് നടക്കാൻ ചിദംബരത്തെ അനുവദിച്ചു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് യൂറോപ്യൻ ടോയ്‌ലറ്റ് സൗകര്യം നൽകി. തൻെറ കണ്ണടയും മരുന്നും ജയിലിലേക്ക് കൊണ്ടുപോകാനും അദ്ദേഹം ആവശ്യം ഉന്നയിച്ചിരുന്നു.
രാത്രി ചിദംബരം നേരിയ അത്താഴവും മരുന്നും കഴിച്ചു. 74 കാരനായ ചിദംബരത്തിന് തലയിണയും പുതപ്പും നൽകിയിട്ടുണ്ട്. മാധ്യമങ്ങൾ ഉപയോഗിക്കാനുള്ള സൗകര്യം ചിദംബരത്തിന് അനുവദിച്ചിട്ടുണ്ട്. മറ്റ് തടവുകാരെപ്പോലെ മുൻ മന്ത്രിക്കും ജയിൽ ലൈബ്രറിയിലേക്ക് പ്രവേശനമുണ്ട്. കൂടാതെ ഒരു നിശ്ചിത സമയം ടെലിവിഷൻ കാണാനും കഴിയും. അദ്ദേഹത്തിൻെറ സെല്ലിൽ പത്രങ്ങളും ലഭിക്കും.ചിദംബരത്തിന് കാന്റീനിൽ നിന്ന് പാക്കേജുചെയ്ത കുപ്പി വാങ്ങാനും ജയിലിലെ കുടിവെളള സൗകര്യം ഉപയോഗിക്കാനും അനുമതിയുണ്ട്.
ഐ.എൻ.എക്സ് മീഡിയ കേസിൽ ഇന്നലെയാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റിയത്. സി.ബി.ഐ കോടതി അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. അതേസമയം എയർസെൽ-മാക്സിസ് കേസിൽ ഡൽഹി വിചാരണക്കോടതി അദ്ദേഹത്തിനും മകൻ കാർത്തി ചിദംബരത്തിനും ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.