വോട്ടർ കാർഡ്-ആധാർ ബന്ധിപ്പിക്കൽ: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഉന്നതതല യോഗം വിളിച്ചു
text_fieldsന്യൂഡൽഹി: ഇരട്ട വോട്ട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ചൊവ്വാഴ്ച ആഭ്യന്തര സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഒന്നിലേറെ ഇടങ്ങളിൽ വോട്ടർ പട്ടികയിൽ പേരുണ്ടായതുകൊണ്ടു മാത്രം രണ്ടു വോട്ട് ചെയ്യാനാവില്ലെന്നും ഇരട്ട വോട്ട് വിഷയം മൂന്നു മാസത്തിനുള്ളിൽ പരിഹരിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിരുന്നു.
വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് സർക്കാറും പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്. ബി.െജ.പിയെ സഹായിക്കാനാണ് ഇരട്ട വോട്ട് ചേർക്കുന്നതെന്ന് കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. നിലവിൽ വോട്ടർക്ക് സ്വമേധയാ വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കാമെങ്കിലും ഇത് നിർബന്ധമല്ല.
തെരഞ്ഞെടുപ്പ് കമീഷന്റേത് മുഖം രക്ഷിക്കലെന്ന് തൃണമൂൽ
ന്യൂഡൽഹി: വോട്ടർ കാർഡ്- ആധാർ ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ യോഗം വിളിച്ചത് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ്. ഇരട്ട വോട്ടുവിഷയത്തിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് വരെ പാർട്ടിയുടെ ജാഗ്രത തുടരുമെന്ന് തൃണമൂൽ കോൺഗ്രസ് രാജ്യസഭ ഡെപ്യൂട്ടി നേതാവ് സാഗരിക ഘോഷ് പറഞ്ഞു. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് മാർച്ച് 11നാണ് പരാതി നൽകിയത്.
അടുത്ത വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വോട്ടർപട്ടികയിൽ വ്യാജവോട്ടർമാരെ ചേർക്കാൻ തെരഞ്ഞെടുപ്പ് കമീഷനുമായി ചേർന്ന് ബി.െജ.പി പ്രവർത്തിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.