സുപ്രീംകോടതിയിലേക്ക് ഒമ്പതു ജഡ്ജിമാരെ ശിപാർശ ചെയ്ത് കൊളീജിയം; മൂന്നു വനിതകൾ പട്ടികയിൽ, ജസ്റ്റിസ് ബി.വി. നാഗരത്ന ആദ്യ വനിത ചീഫ് ജസ്റ്റിസ് ആയേക്കും
text_fieldsന്യൂഡല്‍ഹി: കേരള ഹൈകോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാർ അടക്കം ഒമ്പതു പേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കേന്ദ്ര സർക്കാറിന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ കൊളീജിയത്തിെൻറ ശിപാർശ. വനിത ജഡ്ജിമാരായ ജസ്റ്റിസ് ബി.വി. നാഗരത്ന (കർണാടക), ജസ്റ്റിസ് ഹിമ കോഹ്ലി (തെലങ്കാന), ജസ്റ്റിസ് ബേല ത്രിവേദി (ഗുജറാത്ത്) എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ജസ്റ്റിസ് എ.എസ്. ഓഖ (കർണാടക ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് വിക്രംനാഥ് (ഗുജറാത്ത് ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ജെ.കെ. മഹേശ്വരി (സിക്കിം ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് എം.എം. സുന്ദരേഷ് (ചെന്നൈ), പി.എസ്. നരസിംഹ( മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ) എന്നിവരാണ് മറ്റ് അംഗങ്ങൾ. ഇവരുടെ പേരുവിവരം സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ശിപാർശ സർക്കാർ അംഗീകരിച്ചാൽ ജസ്റ്റിസ് ബി.വി. നാഗരത്ന 2027 ഓടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുന്ന ആദ്യ വനിതയാകും. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന ഇ.എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് നാഗരത്ന. ആദ്യമായാണ് സുപ്രീംകോടതിയിലേക്ക് ഒേര സമയം മൂന്ന് വനിതകളെ കൊളീജിയം ശിപാർശ ചെയ്യുന്നത്.
നിലവിൽ ൈഹകോടതികളിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് എ.എസ് ഓഖ. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സർക്കാറിനെ ചോദ്യം ചെയ്തും മഹാമാരിക്കാലത്ത് അന്തർസംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങളിൽ നിരവധി വിധി പുറപ്പെടുവിച്ചും രാജ്യത്ത് അറിയപ്പെട്ടിരുന്നു ജസ്റ്റിസ് ഓഖ.
ചീഫ് ജസ്റ്റിസ് രമണയെ കൂടാതെ, ജസ്റ്റിസുമാരായ യു.യു. ലളിത്, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങൾ.
വാർത്ത നേരത്തേ പുറത്തുവന്നതിൽ ചീഫ് ജസ്റ്റിസിന് അതൃപ്തി
ന്യൂഡൽഹി: കൊളീജിയം ശിപാർശ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിനുമുേമ്പ മാധ്യമങ്ങൾ വാർത്ത നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഊഹാപോഹങ്ങള്‍ക്കു പകരം നിയന്ത്രണം പാലിക്കുക എന്നത് ഭൂരിപക്ഷ മാധ്യമങ്ങളും അനുവര്‍ത്തിക്കുന്ന പതിവാണ്. ജനാധിപത്യത്തിനും ഭൂഷണം അതാണ്. ധാര്‍മികതയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ സുപ്രീംകോടതിയുടെ കരുത്താണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തികളുടെ അവകാശത്തെയും സുപ്രീംകോടതി ഉയര്‍ത്തിപ്പിടിക്കുന്നു. എന്നാല്‍, അന്തിമ തീരുമാനമാവാത്ത കാര്യത്തിൽ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വിപരീതഫലമുണ്ടാക്കും. അര്‍ഹതയുള്ളവരുടെ നിയമനത്തെ ബാധിച്ചതിന് ഉദാഹരണങ്ങളുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസ് നവീന്‍ സിന്‍ഹക്കുള്ള യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ചീഫ് ജസ്റ്റിസിെൻറ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.