ആരാണ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്? പിൻഗാമിയെ നാമനിർദേശം ചെയ്യണമെന്ന് കേന്ദ്രസർക്കാർ യു.യു. ലളിതിനോട്
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ 49ാം ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യു.യു. ലളിത്. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. നവംബർ എട്ടിനാണ് അദ്ദേഹം വിരമിക്കുക. അതായത് 74 ദിവസം മാത്രമാണ് ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുക.
പിൻഗാമിയുടെ പേര് നിർദേശിക്കാൻ ലളിതിനോട് ആവശ്യപ്പെട്ടിരിക്കയാണ് കേന്ദ്രസർക്കാർ ഇപ്പോൾ. എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനാണ് അടുത്ത ഊഴം. പിൻഗാമിയുടെ പേര് വെളിപ്പെടുത്തണമെന്നഭ്യർഥിച്ച് ജസ്റ്റിസ് ലളിതിന് കേന്ദ്ര നിയമ മന്ത്രാലയം കത്തയച്ചതായും റിപ്പോർട്ടിൽ പറയുന്നു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഉൾപ്പെടെ നാല് ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയത്തിനുള്ളിലെ ഭിന്നതയ്‌ക്കിടയിലാണ് കത്തയച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.
അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് ശുപാർശ ചെയ്തുകഴിഞ്ഞാൽ, കീഴ്വഴക്കമനുസരിച്ച് ജഡ്ജിമാരുടെ നിയമനങ്ങൾ തീരുമാനിക്കുന്ന ഉന്നത സുപ്രീം കോടതി പാനലിന്റെ കൊളീജിയത്തിന്റെ യോഗങ്ങൾ ഉണ്ടാകില്ല.
2014 ആഗസ്റ്റ് 13ന് സുപ്രീം കോടതി ജഡ്ജിയായി നിയോഗിക്കപ്പെടുന്നതിന് മുമ്പ് ജസ്റ്റിസ് ലളിത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റിസ് യു ആര്‍ ലളിത് മുതിര്‍ന്ന അഭിഭാഷകനും ബോംബെ ഹൈക്കോടതിയിലെ അഡീഷനല്‍ ജഡ്ജിയുമായിരുന്നു.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷാഭിപ്രായത്തിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ലളിത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് കോടതി നിയോഗിച്ച ഭരണസമിതിക്ക് കൈമാറാന്‍ ഉത്തരവിട്ട ബെഞ്ചിനും അദ്ദേഹം നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.