ഇന്ത്യയുടെ 50-മത് ചീഫ് ജസ്റ്റിസ് ആയി ഡി.വൈ ചന്ദ്രചൂഢിനെ നിയമിക്കാൻ ശിപാർശ
text_fieldsഡൽഹി: ഇന്ത്യയുടെ 50-മത് ചീഫ് ജസ്റ്റിസ് ആയി ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഢിനെ നിയമിക്കാൻ ശിപാർശ . ചീഫ് ജസ്റ്റിസ് യു.യു. ലളിതാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശിപാർശ കൈമാറിയത്.ഇതിന്‍റെ പകർപ്പ് രാവിലെ പത്തേ കാലിന് സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ ചീഫ് ജസ്റ്റിസ് യു.യു. ലളിത് കൈമാറി.നവംബർ 8 ന് വിരമിച്ച ശേഷം പിൻഗാമിയുടെ പേര് നൽകണമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
1983 ജൂണിൽ അഭിഭാഷകനായി തുടക്കംകുറിച്ച ജ. ലളിത് 2004 ഏപ്രിലിലാണ് സുപ്രീം കോടതി അഭിഭാഷകനായി നിയമിതനായത് . രണ്ട് തവണ ഇന്ത്യൻ ലീഗൽ സർവീസ് കമ്മിറ്റി അംഗമായിരുന്നു. 2014ൽ സുപ്രീം കോടതി ജഡ്ജിയായി .ജസ്റ്റിസ് എൻ വി രമണയുടെ പിൻഗാമിയായി ഓഗസ്റ്റിലാണ് ചുമതലയേറ്റത്.74 ദിവസത്തെ കാലാവധി പൂർത്തിയാക്കിയാണ് അദ്ദേഹം വിരമിക്കുന്നത്.
അതേസമയം,1998 ൽ കേന്ദ്ര സർക്കാറിന്‍റെ അഡീഷണൽ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ച ജ.ചന്ദ്രചൂഡ് 2000 മാർച്ച് 29ന് ബോംബൈ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേറ്റു. 2013 ൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. 2016 മെയ് 13ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി.ബോംബെ ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് പദവിയിൽ രണ്ട് വർഷത്തെ കാലാവധിയാണുള്ളത്. 2024 നവംബർ 10 ന് വിരമിക്കും.
സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി എഴുതിയത് ജസ്റ്റിസ് ചന്ദ്രചൂഢ് ആയിരുന്നു. അയോധ്യയിലെ തർക്ക ഭൂമി കേസ്, ശബരിമല യുവതി പ്രവേശനം തുടങ്ങിയ കേസുകളിൽ സുപ്രധാനമായ വിധികൾ പുറപ്പടുവിച്ച ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്നു.
സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി. ചന്ദ്രചൂഢിന്‍റെ മകനാണ് ഡി.വൈ. ചന്ദ്രചൂഢ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.