കാർഷിക കടം വീണ്ടും എഴുതിത്തള്ളുമെന്ന് ഭൂപേഷ് ഭാഘേൽ
text_fieldsകൂടുതൽ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ഛത്തിസ്ഗഢിൽ ഭരണം നിലനിർത്താനുള്ള ശക്തമായ പ്രചാരണത്തിലാണ് കോൺഗ്രസ്. അധികാരത്തിൽ വീണ്ടും തിരിച്ചെത്തിയാൽ കാർഷിക കടം വീണ്ടും എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേൽ പ്രഖ്യാപിച്ചു. 2018 തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ പ്രധാന വാഗ്ദാനമായിരുന്നു കാർഷിക കടം എഴുതിത്തള്ളൽ. 9,000ത്തോളം കോടി രൂപ ഭൂപേഷ് ഭാഘേൽ അധികാരത്തിൽ എത്തിയതോടെ ചെലവഴിച്ചിരുന്നു.
‘നമ്മുടെ കർഷകർ ശക്തരാകുന്നതിന് അനുസരിച്ച് നമ്മുടെ സാമ്പത്തിക വ്യവസ്ഥയും ശക്തമാകും. കർഷകർക്ക് നൽകിയ പണം വിപണിയിൽ തിരിച്ചെത്തുന്നു. വൻകിട വ്യവസായികൾക്ക് നൽകിയ പണം വിപണിയിൽ തിരിച്ചെത്തുന്നില്ല. കേന്ദ്ര സർക്കാർ വൻകിട വ്യവസായികളുടെ 14,50,000 കോടി എഴുതിത്തള്ളി. അത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്ന് നാം കണ്ടു.
എന്നാൽ ഛത്തിസ്ഗഢിൽ കർഷകരുടെ കടം ഞങ്ങൾ എഴുതിത്തള്ളി. അതുകൊണ്ട് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇവിടെ വാണിജ്യവും വ്യാപാരവും വർധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ സാമ്പത്തിക മാന്ദ്യം കണ്ടെങ്കിലും ഛത്തിസ്ഗഢിൽ ഒരു സ്വാധീനവും ഉണ്ടായില്ല’ എന്നും ഭാഘേൽ എക്സിൽ കുറിച്ചു. 17.5 ലക്ഷം പേർക്ക് വീട് നിർമിച്ച് നൽകുമെന്നും സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുമെന്നും പ്രചാരണത്തിനിടെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.