ബംഗളൂരുവിൽ രാമക്ഷേത്രവും ഹനുമാൻ പ്രതിമയും ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
text_fieldsബംഗളൂരു: അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ ബംഗളൂരുവിൽ രാമക്ഷേത്രവും ഹനുമാൻ പ്രതിമയും ഉദ്ഘാടനം ചെയ്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളൂരു ബിദറഹള്ളിയിൽ രാമ-ലക്ഷ്മ- സീതമാർക്കായി ഹിരനഹള്ളി ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് നിർമിച്ച ക്ഷേത്രവും 33 അടിയുള്ള ഹനുമാൻ പ്രതിമയുമാണ് ഭക്തർക്കായി തുറന്നുനൽകിയത്.
പിന്നീട്, മുഖ്യമന്ത്രി മഹാകുംഭാഭിഷേക ചടങ്ങിലും പങ്കെടുത്തു. ‘രാമക്ഷേത്രവും ഹനുമാൻ പ്രതിമയും ഉദ്ഘാടനം ചെയ്യാനായതിൽ സന്തോഷം. ഇത് രാഷ്ട്രീയ നേട്ടത്തിനായല്ല. രാജ്യത്തെ എല്ലാ രാമബിംബങ്ങളും ഒരുപോലെയാണ്. രാമനെയും ലക്ഷ്മണനെയും സീതയെയും ബി.ജെ.പി വേർപിരിച്ചു.
അവർ (ബി.ജെ.പി) രാമക്ഷേത്രം നിർമിച്ചു. രാമന് ഒറ്റക്കാവാനാകില്ല. സീതാദേവിയും ലക്ഷ്മണനും ഹനുമാനുമില്ലാതെ രാമൻ പൂർണമാവില്ല- സിദ്ധരാമയ്യ പറഞ്ഞു. താൻ ഒരു നിരീശ്വരവാദിയല്ലെന്നും ദൈവവിശ്വാസിയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അയോധ്യയിൽ നടന്ന ചടങ്ങ് വെറും നാടകമാണെന്ന് അദ്ദേഹം ആരോപണമുയർത്തി.
‘ഒരാൾ അനീതി ചെയ്താൽ, മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്താൽ, പിന്നീട് ദൈവത്തെ ആരാധിക്കുന്നതായി അഭിനയിച്ചാൽ ദൈവം അത് അംഗീകരിക്കില്ല’- സിദ്ധരാമയ്യ പറഞ്ഞു. മോദിയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. അയോധ്യ ചടങ്ങിൽനിന്ന് വിട്ടുനിൽക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ സിദ്ധരാമയ്യ പിന്തുണച്ചു.
അയോധ്യ ചടങ്ങിനെ ബി.ജെ.പി രാഷ്ട്രീയവത്കരിച്ചതുകൊണ്ടാണ് ചടങ്ങിൽനിന്ന് തങ്ങൾ വിട്ടുനിന്നത്. ബി.ജെ.പിയുടെ മാത്രമല്ല, രാമദേവൻ എല്ലാവരുടെയും ദേവനാണ്. കോൺഗ്രസ് രാമവിരുദ്ധമാണെന്ന് സ്ഥാപിക്കാനാണ് ബി.ജെ.പി ശ്രമം. ഞങ്ങൾ അയോധ്യയിലെ രാമനെതിരല്ല. ഞങ്ങളെല്ലാവരും രാമഭക്തരാണ്. എന്റെ ഗ്രാമത്തിൽ ഞാൻ രാമക്ഷേത്രം നിർമിച്ചിട്ടുണ്ട്- സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.