രാമന്‍റെയും ഹനുമാന്‍റെയും പ്രതിച്ഛായ ബി.ജെ.പി മാറ്റി; ‘ആദിപുരുഷ്’ വിവാദത്തിൽ ഭുപേഷ് ബാഗേൽ
text_fieldsറായ്പൂർ: ‘ആദിപുരുഷ്’ സിനിമ വിവാദത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും ചത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭുപേഷ് ബാഗേൽ രംഗത്ത്. ബി.ജെ.പി രാമന്‍റെയും ഹനുമാന്‍റെയും പ്രതിച്ഛായ മാറ്റിയെന്ന് ഭുപേഷ് ബാഗേൽ കുറ്റപ്പെടുത്തി.
മര്യാദ പുരുഷോത്തമനായ രാമനെ യുദ്ധം ചെയ്യുന്ന രാമനായും ഭക്തിയുടെയും ശക്തിയുടെയും പ്രതീകമായ ഹനുമാനെ ആൻഗ്രി ബേഡ് ആയുമാണ് മാറ്റിയത്. സിനിമയുടെ നിർമാതാക്കൾ കാലഗണന മനസിലാക്കണമെന്ന് ഭുപേഷ് ബാഗേൽ ചൂണ്ടിക്കാട്ടി. രാമായണത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ‘ആദിപുരുഷ്’ സിനിമക്കെതിരെ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് ചത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പരാമർശം.
ഹിന്ദു പുരാണമായ രാമായണമാണ് ഓം റൗട്ട് സംവിധാനം ചെയ്ത ‘ആദിപുരുഷി’ന്‍റെ ഇതിവൃത്തം. തിയറ്ററിൽ ഹനുമാന് വേണ്ടി സീറ്റ് മാറ്റിവെക്കും തുടങ്ങിയ പ്രസ്താവനകളിലൂടെ സിനിമ വാർത്തകളിൽ നിറഞ്ഞിരുന്നു.
എന്നാൽ, പുരാണ കഥാപാത്രങ്ങളെ വികലമായി ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുത്വ സംഘടനകൾ സിനിക്കെതിരെ രംഗത്ത് വന്നു. മുംബൈയിൽ രാഷ്ട്ര പ്രഥം എന്ന ഹിന്ദുത്വ സംഘടന ‘ആദിപുരുഷി’ന്‍റെ പ്രദർശനം തടഞ്ഞിരുന്നു.
അതിനിടെ, നേപ്പാളിലും ‘ആദിപുരുഷി’നെതിരെ പ്രതിഷേധം ഉയർന്നു. ഇതേതുടർന്ന് രണ്ടിടത്ത് സിനിമയുടെ പ്രദർശനത്തിന് വിലക്ക് ഏർപ്പെടുത്തി. ‘ആദിപുരുഷി’ൽ സീത ജനിച്ചത് ഇന്ത്യയിലാണെന്ന് പറയുന്നതാണ് നേപ്പാളിൽ വിവാദമായത്. സീത നേപ്പാളിലാണ് ജനിച്ചതെന്ന വാദം പ്രതിഷേധക്കാർ ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.