മഹാരാഷ്ട്ര മുഖ്യമന്ത്രി; തീരുമാനം ഡൽഹിയിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യത്തിന്റെ കൂറ്റൻ വിജയത്തോടെ തുടങ്ങിയ മുഖ്യമന്ത്രി ചർച്ച നീളുന്നു. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസിനാണ് മുൻതൂക്കം. അജിത് പവാറിന്റെ എൻ.സി.പിയും ചെറുപാർട്ടികളും സ്വതന്ത്രരുമുൾപ്പെടെ അഞ്ചുപേരും ഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, ഏക് നാഥ് ഷിൻഡെ പക്ഷ ശിവസേന രണ്ടരവർഷമെങ്കിലും മുഖ്യമന്ത്രിപദം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.
മഹായുതിയിൽ ഫഡ്നാവിസിന് അനുകൂലമായി തീരുമാനമായെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും ഷിൻഡെ പക്ഷം ഇക്കാര്യം നിഷേധിച്ചു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്കായി ഫഡ്നാവിസ് ഡൽഹിയിലാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വവും ഫഡ്നാവിസിന് അനുകൂലമാണെന്നാണ് സൂചന. അതേസമയം, ആദ്യ രണ്ടരവർഷം ഫഡ്നാവിസും ശേഷിച്ച രണ്ടരവർഷം ഷിൻഡെയും മുഖ്യമന്ത്രിയാകുമെന്ന് ആർ.എസ്.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. മുഖ്യമന്ത്രിപദമൊഴിഞ്ഞ് ഫഡ്നാവിസ് ബി.ജെ.പി ദേശീയാധ്യക്ഷൻ ആകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ബി.ജെ.പി ഇതുവരെ നിയമസഭകക്ഷി നേതാവിനെ തെരഞ്ഞെടുത്തിട്ടില്ല. ഷിൻഡെ പക്ഷം ഏക്നാഥ് ഷിൻഡെയെയും എൻ.സി.പി അജിത് പക്ഷം അജിത് പവാറിനെയും ശിവസേന ഉദ്ധവ് പക്ഷം ആദിത്യ താക്കറെയെയും നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ചൊവ്വാഴ്ച സത്യപ്രതിജ്ഞ നടന്നേക്കും. സെക്രട്ടേറിയറ്റ് വളപ്പിൽ ഒരുക്കങ്ങൾ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.