ഡിജിറ്റല്‍ ഇടപാട്: മുഖ്യമന്ത്രിതല പാനല്‍ നിര്‍ദേശം നടപ്പാക്കല്‍ കരുതലോടെയെന്ന് കേന്ദ്രം
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് രൂപംനല്‍കിയ മുഖ്യമന്ത്രിതല സമിതി സമര്‍പ്പിച്ച ശിപാര്‍ശകളില്‍ സൂക്ഷ്മമായി പഠിച്ചശേഷമേ തീരുമാനമെടുക്കൂവെന്ന് കേന്ദ്ര സര്‍ക്കാര്‍. ആവശ്യത്തിന് സമയമെടുത്ത് കരുതലോടെ മാത്രമേ ശിപാര്‍ശകള്‍ നടപ്പാക്കൂവെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു അധ്യക്ഷനായ സമിതി ബഹുവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
50,000 രൂപക്കുമുകളിലുള്ള കറന്‍സി ഇടപാടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി ആളുകളെ ഡിജിറ്റല്‍ ബാങ്കിങ്ങിലേക്ക് കൊണ്ടുവരണമെന്നായിരുന്നു സമിതിയുടെ പ്രധാന നിര്‍ദേശം.ഭൂരിഭാഗം ഇടപാടുകാരെയും പ്രതിസന്ധിയിലാക്കുന്ന ഈ നിര്‍ദേശം ഉള്‍പ്പെടെ ഏറെ കരുതലോടെ മാത്രമേ പരിഗണിക്കൂവെന്ന് വാര്‍ത്തക്കുറിപ്പിലുണ്ട്. പി. ചിദംബരം ധനകാര്യ മന്ത്രിയായിരിക്കെ, ഇത്തരത്തില്‍ കറന്‍സി ഇടപാടിന് അധിക ചാര്‍ജ് ഈടാക്കിയിരുന്നു. എന്നാല്‍ 2009ല്‍ ഇത് പിന്‍വലിച്ചു.
പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനായി ആളുകള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ 1000 രൂപ സബ്സിഡി നല്‍കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍ക്ക് പ്രത്യേക ഇളവിനും (മര്‍ച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ്-എം.ഡി.ആര്‍) നിര്‍ദേശമുണ്ട്. മൈക്രോ എ.ടി.എമ്മുകള്‍ക്കും ബയോമെട്രിക് സെന്‍സറുകള്‍ക്കും ടാക്സ് ഇന്‍സെന്‍റിവ് ഏര്‍പ്പെടുത്തുക, ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതലായി നടത്തുന്ന ഉപഭോക്താക്കളുടെ വാര്‍ഷിക നികുതിയില്‍ ഇളവനുവദിക്കുക, ഇടപാടുകള്‍ ആധാറുമായി ബന്ധിപ്പിക്കുക തുടങ്ങിയവയാണ് മറ്റു പ്രധാന ശിപാര്‍ശകള്‍. ദേവേന്ദ്ര ഫഡ്നാവിസ്, ശിവരാജ് സിങ് ചൗഹാന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
സമിതി നിര്‍ദേശങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തേ ചന്ദ്രബാബു നായിഡു പ്രസ്താവിച്ചിരുന്നു. എന്നാല്‍, ധനകാര്യ മന്ത്രാലയത്തിന്‍െറ വിശദീകരണത്തിന്‍െറ പശ്ചാത്തലത്തില്‍ ഈ ബജറ്റില്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യം സംശയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.