ഗാംബിയയിലെ കുട്ടികളുടെ മരണം: ഇന്ത്യൻ മരുന്നുകമ്പനി കരിമ്പട്ടികയിൽ ഉൾപ്പെട്ടത്
text_fieldsന്യൂഡൽഹി: ആഫ്രിക്കയിലെ ഗാംബിയയില്‍ 66 കുട്ടികൾ മരിച്ചതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന ഇന്ത്യയിലെ ചുമ മരുന്ന് കമ്പനി 2011ൽതന്നെ കരിമ്പട്ടികയിൽ ഉൾപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) നിർദേശത്തെതുടർന്ന് ഇന്ത്യയിൽ അന്വേഷണം നേരിടുന്ന ഹരിയാനയിലെ സോനിപത് ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയെ ബിഹാർ സർക്കാറാണ് 2011ൽ കരിമ്പട്ടികയിൽപെടുത്തിയത്.
നിലവാരം കുറഞ്ഞ മരുന്നാണെന്ന് കേരളം നാലുതവണ കണ്ടെത്തിയിരുന്നു. കൂടാതെ, കമ്പനിക്ക് 2017ൽ കേരളം പിഴ ഇടുകയും ചെയ്തിട്ടുണ്ട്. 2014ൽ വിയറ്റ്നാം സർക്കാറിന്‍റെ കരിമ്പട്ടികയിലും മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ഉൾപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ മരണത്തിന് പിന്നാലെ ഈ കമ്പനിയുടെ മരുന്നുകൾ ഗാംബിയ കഴിഞ്ഞ ദിവസം തിരിച്ചുവിളിക്കുകയുണ്ടായി.
മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് നിർമിച്ച പ്രൊമെതാസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്, മാഗ് ഗ്രിപ് എൻകോൾഡ് സിറപ് എന്നിവക്കെതിരെയാണ് ഇന്ത്യയിൽ അന്വേഷണം നടക്കുന്നത്.
വൃക്കകളെ സാരമായി ബാധിക്കുന്ന ഡൈതലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അമിതമായ അളവിൽ മരുന്നുകളിൽ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയിൽ വ്യക്തമായെന്നാണ് ഡബ്ല്യു.എച്ച്.ഒ അറിയിച്ചത്. 66 കുട്ടികളും വൃക്ക തകരാറിലായാണ് മരിച്ചത്.
കൂടുതൽ അപകടമുണ്ടാകാതിരിക്കാൻ മരുന്നിന്‍റെ വിതരണം നിർത്തിവെക്കണമെന്ന് രാജ്യങ്ങളോട് ഡബ്ല്യു.എച്ച്.ഒ ആവശ്യപ്പെട്ടിരുന്നു. 1990ലാണ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ കമ്പനി സ്ഥാപിതമാവുന്നത്. ഹരിയാനയിലെ സോനിപത്, കുണ്ഡ്ലി, ഹിമാചൽപ്രദേശിലെ സോളൻ എന്നിവിടങ്ങളിലാണ് കമ്പനിക്ക് നിർമാണ യൂനിറ്റുകളുള്ളത്.
ആരോപണം ഉയർന്നതിനുപിന്നാലെ ഡൽഹി പിതാംബുരയിലുള്ള കോർപറേറ്റ് ഓഫിസ് പൂട്ടി ജീവനക്കാർ മുങ്ങിയിരുന്നു. 2021 ഡിസംബറിൽ ഡൽഹി സർക്കാർ നടത്തുന്ന മൊഹല്ലാ ക്ലിനിക്കിൽ മുതിർന്നവർക്ക് നൽകുന്ന ഡെക്‌സ്‌ട്രോമെത്തോർഫൻ എന്ന സിറപ് നൽകിയതിനെത്തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചിരുന്നു. ഹിമാചൽ ആസ്ഥാനമായുള്ള കമ്പനി നിർമിച്ച ചുമ മരുന്ന് കഴിച്ച് ജമ്മുവിലെ രാംപുരിൽ 2019 ഡിസംബറിലും 2020 ജനുവരിയിലുമായി 12 കുട്ടികൾ മരിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.