സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മാതൃകയായി ഒമ്പതാം ക്ലാസുകാരി
text_fieldsബംഗളുരു: സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മാതൃകയായി ഒമ്പതാം ക്ലാസുകാരി. കര്‍ണാടകയിലെ ബസവ കല്യാണ്‍ താലൂക്കിലാണ് പതിനാലുകാരി സ്വന്തം ശൈശവ വിവാഹം തടഞ്ഞ് ധീരത കാണിച്ചത്. വീട്ടിലെ ദാരിദ്ര്യം മുലം മറ്റ് മൂന്ന് സഹോദരിമാരെ അമ്മ ഇത്തരത്തില്‍ കല്യാണം കഴിപ്പിച്ച് അയച്ചിരുന്നു. അവര്‍ അനുഭവിക്കുന്ന ദുരിതം കണ്ടതുമുതല്‍ ശൈശവ വിവാഹം പെൺകുട്ടി ശക്തമായി എതിർത്തിരുന്നു.
കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. കര്‍ഷക തൊഴിലാളിയായ അമ്മയായിരുന്നു നാല് പെണ്‍കുട്ടികളും ഒരു ആണ്‍ കുട്ടിയും അടങ്ങുന്ന കുടുബത്തിന്റെ ഏക ആശ്രയം. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കാരണം അവളെ അമ്മ പഠിക്കാനായി അയച്ചു. എന്നാല്‍ ദാരിദ്ര്യം കാരണം ഒമ്പത് മാതൃസഹോദരന്‍മാരില്‍ 25 വയസുളളയാളുമായി അമ്മ മകളുടെ വിവാഹം ഉറപ്പിച്ചു. എന്നാല്‍ ഇത് എതിര്‍ത്ത പെണ്‍കുട്ടി സ്വന്തം കാലില്‍ നിലയുറപ്പിച്ച ശേഷമെ വിവാഹം കഴിക്കുകയുള്ളുവെന്ന് അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവയ്ക്കാതെ അമ്മയും അമ്മാവനും കല്യാണം നടത്താൻ തീരുമാനിച്ചിരുന്നു.
അടുത്തിടെ തന്റെ സ്‌കൂളിലെത്തിയ ബാലവകാശ കമ്മീഷന്‍ അംഗം ശശിധര്‍ കൊസാംബെ, ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പീഡനം അനുഭവപ്പെട്ടാല്‍ ചൈല്‍ഡ് റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെല്ലുമായി ബന്ധപ്പെടാന്‍ വിദ്യാര്‍ഥികളെ ഉപദേശിക്കുകയും ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. തുടർന്ന് പെണ്‍കുട്ടി ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുകയും തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ളവര്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തുകയും ശൈശവ വിവാഹം നടത്തുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ അറിയിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകുന്നതുവരെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കില്ലെന്ന് അമ്മയെക്കൊണ്ട് പ്രതിജ്ഞയും എടുപ്പിച്ചു. ഹെല്‍പ്പ് ലൈനില്‍ വിളിച്ച് വിവരം അറിയിച്ച പെണ്‍കുട്ടിയെ അധികൃതര്‍ അഭിനന്ദിച്ചു. എല്ലാമാസവും പെണ്‍കുട്ടിക്ക് നാലായിരം രൂപ നല്‍കാന്‍ ജില്ലാ ശിശു സംരക്ഷണയൂണിറ്റിനോട് ബാലവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.