അസമിലെ ശൈശവ വിവാഹ അറസ്റ്റ്; പ്രതിഷേധം കനക്കുന്നു
text_fieldsഗുവാഹതി: അസമിൽ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട ബി.ജെ.പി സർക്കാറിന്റെ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. ബറക് വാലി, മോറിഗയോൺ, ധുബ്രി, നാഗയോൺ എന്നിവിടങ്ങളിൽ പ്രതിഷേധത്തിനിടെ തിങ്കളാഴ്ചയും അറസ്റ്റുണ്ടായി. 14 വയസ്സിനുതാഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവർക്കെതിരെ പോക്സോ നിയമപ്രകാരവും 14നും 18നുമിടക്കുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവർക്കെതിരെ ശൈശവ വിവാഹം തടയൽ നിയമപ്രകാരവും കേസെടുത്താണ് വ്യാപക അറസ്റ്റ് നടത്തുന്നത്.
നാലുദിവസത്തിനിടെ 2441 പേരെയാണ് സംസ്ഥാനത്ത് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ നിർദേശപ്രകാരമുള്ള നടപടിയുടെ ഭാഗമായി 4074 കേസാണെടുത്തത്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പുവരെ പരിശോധനയും അറസ്റ്റും തുടരുമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. അതിനിടെ കാംരൂപ് ജില്ലയിലെ രംഗിയയിൽ ഏഴുപേർക്ക് ജാമ്യം ലഭിച്ചു. കൂടുതൽ പേർക്ക് അടുത്ത ദിവസം ജാമ്യം ലഭിക്കുമെന്ന് കരുതുന്നതായി അഭിഭാഷകൻ പറഞ്ഞു.
അറസ്റ്റിലായവരുടെ ഇണകളായ പെൺകുട്ടികളെ ആരുരക്ഷിക്കുമെന്ന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി ചോദിച്ചു. ആത്മാർഥതയുണ്ടെങ്കിൽ സാക്ഷരത നിരക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മാനുഷിക സമീപനമാണ് വിഷയത്തിൽ വേണ്ടതെന്ന് അസം കോൺഗ്രസ് പ്രസിഡന്റ് ഭൂപെൻ ബോറ പറഞ്ഞു. ഞങ്ങൾ ശൈശവ വിവാഹത്തിന് എതിരാണെങ്കിലും കുടുംബങ്ങൾ തകർത്തിട്ട് എന്തുനേടാനാണെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കണക്കുകൂട്ടാതെയാണ് സർക്കാർ വേട്ടക്കിറങ്ങിയതെന്ന് അസം ജാതീയ പരിഷദ് മേധാവി ലുറിൻജ്യോതി ഗോഗോയി കുറ്റപ്പെടുത്തി.
ആവശ്യമായ ചട്ടങ്ങളൊന്നും രൂപവത്കരിക്കാതെയാണ് സർക്കാർ കൂട്ടനടപടിക്കിറങ്ങിയതെന്ന് എ.ഐ.യു.ഡി.എഫ് ശനിയാഴ്ച ആരോപിച്ചിരുന്നു. ശൈശവ വിവാഹം നടക്കുന്ന സമയത്ത് തടയാതെ വിവാഹ ജീവിതം തുടങ്ങി ഏറെക്കഴിഞ്ഞ് നടപടി സ്വീകരിക്കുന്നതിനെതിരെയാണ് വിമർശനം. ശൈശവ വിവാഹത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജനുവരി 23ന് ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. തുടർന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ് അറസ്റ്റ് നടപടികൾ തുടങ്ങുകയായിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച പുരുഷന്മാരെയും ഇതിന് കൂട്ടുനിന്ന പുരോഹിതന്മാരെയുമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.