ശൈശവ വിവാഹം നിർമാർജനം ചെയ്യണം -മാർഗനിർദേശങ്ങളുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശൈശവ വിവാഹം തടയാൻ പരിശ്രമിക്കാതെ പ്രോസിക്യൂഷൻ നടപടികളിൽ കേന്ദ്രീകരിക്കുകയല്ല സർക്കാർ ഏജൻസികൾ ചെയ്യേണ്ടതെന്ന് സുപ്രീംകോടതി. രാജ്യത്ത് ശൈശവ വിവാഹം നിർമാർജനം ചെയ്യാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച സുപ്രീംകോടതി, ഇവ നടപ്പാക്കണമെന്ന് സംസ്ഥാന സർക്കാറുകളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും നിർദേശിച്ചു.
‘വളരെ നേരത്തേ വിവാഹം ചെയ്യപ്പെട്ടതിന്റെ കഷ്ടതകൾ അനുഭവിച്ച ഹതഭാഗ്യയായ ഹിന്ദു സ്ത്രീകളിലൊരുവളാണ് താനെന്നും ദുഷിച്ച ആചാരം തന്റെ ജീവിതത്തിന്റെ സന്തോഷമാണ് നശിപ്പിച്ചതെന്നു’മുള്ള രുഖ്മാബായിയുടെ വാക്കുകൾ ആമുഖമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. ശിക്ഷാ നടപടിയിൽ മാത്രം കേന്ദ്രീകരിക്കുന്ന നടപടി സാമൂഹിക മാറ്റം കൊണ്ടുവരാൻ ഫലപ്രദമല്ലെന്ന് തെളിഞ്ഞതാണെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. പകരം പെൺകുട്ടിയുടെ രക്ഷാകർത്താവിന്റെ പദവിയിലേക്ക് ഭരണകൂടം ഉയർന്നുനിൽക്കുകയാണ് വേണ്ടത്. കുട്ടികളുടെ ശാരീരിക- മാനസിക- വൈകാരിക വിദ്യാഭ്യാസ അവസരങ്ങൾക്ക് ദോഷകരമായ ആചാരങ്ങളിൽനിന്ന് അവരെ സംരക്ഷിക്കേണ്ടത് സർക്കാറിന്റെ ബാധ്യതയാണ്. കുട്ടികളുടെ അവകാശങ്ങളും സംരക്ഷിക്കണം. അതിനാൽ സർക്കാർ ശൈശവ വിവാഹം തടയാനുള്ള നിയമങ്ങളുണ്ടാക്കി നടപ്പാക്കണം. ശൈശവ വിവാഹം തടയുന്നതിന് ബോധവത്കരണം, നിയമനടപടി എന്നിവയിലാണ് ശൈശവ വിവാഹ നിരോധന നിയമം കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കേന്ദ്രം ബോധിപ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി.
ബോധവത്കരണത്തിൽ പുരോഗതിയുണ്ടെങ്കിലും ശൈശവ വിവാഹങ്ങളുടെ റിപ്പോർട്ടിങ് നിർബന്ധമാക്കാനും ഉത്തരവാദികളെ കണ്ടെത്താനും ഇരകളെ പുനരധിവസിപ്പിക്കാനും കൂടുതൽ നടപടികൾ വേണം. ശൈശവ വിവാഹം കൂടുതൽ നടക്കുന്ന മേഖലകളിൽ നിയമത്തിന്റെ പഴുതുകളടക്കണം, കുറ്റവാളികൾക്കെതിരെ വേഗത്തിൽ നടപടി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ദാരിദ്ര്യം, ലിംഗ അസമത്വം, വിദ്യാഭ്യാസത്തിന്റെ അഭാവം, ആചാരങ്ങൾപോലെ വിവിധ സമൂഹങ്ങളിലുള്ള ശൈശവ വിവാഹത്തിന്റെ മൂലകാരണം കണ്ടെത്തണം. ശേഷം ഇത് തടയാൻ സമുദായങ്ങൾ കേന്ദ്രീകരിച്ചുള്ള തന്ത്രങ്ങൾ വേണം - സുപ്രീംകോടതി വ്യക്തമാക്കി.
പ്രധാന മാർഗനിർദേശങ്ങൾ
- ഒന്ന്- എല്ലാ സംസ്ഥാന സർക്കാറുകളും കേന്ദ്ര ഭരണപ്രദേശങ്ങളും ജില്ലതലത്തിൽ ഒരു ഓഫിസർക്ക് (സി.എം.പി.ഒ) ഉത്തരവാദിത്തം നൽകണം. ശൈശവ വിവാഹം തടയുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട ഇവർക്ക് മറ്റു ഉത്തരവാദിത്തങ്ങളുടെ ഭാരമുണ്ടാക്കരുത്.
- രണ്ട്- ശൈശവ വിവാഹ നിരോധന നിയമത്തിലെ 16(3)(എ) വകുപ്പ് പ്രകാരമുള്ള സി.എം.പി.ഒക്ക് പുറമെ ഓരോ ജില്ലകളിലെയും കലക്ടർമാരും ജില്ലാ പൊലീസ് സൂപ്രണ്ടുമാരും ശൈശവ വിവാഹ നിയമം തടയാൻ ബാധ്യസ്ഥരായിരിക്കും.
- മൂന്ന്- ശൈശവ വിവാഹ കേസുകളുടെ സവിശേഷത കണക്കിലെടുത്ത് ഇതിന് മാത്രമായി പ്രത്യേക പൊലീസ് യൂനിറ്റ് ഉണ്ടാക്കണം. സ്പെഷൽ ജുവനൈൽ പൊലീസ് യൂനിറ്റിനെ ഇതാക്കി പരിവർത്തിപ്പിക്കാം.
- നാല്- സംസ്ഥാന സർക്കാറുകളും കേന്ദ്ര ഭരണപ്രദേശങ്ങളും ‘സംസ്ഥാന സ്പെഷൽ ശൈശവ വിവാഹ നിരോധന യൂനിറ്റ്’ ഉണ്ടാക്കണം. രണ്ട് സി.എം.പി.ഒമാരുള്ള ജില്ലകളിൽ ‘ജില്ല ശൈശവ വിവാഹ നിരോധന യൂനിറ്റ്’ ഉണ്ടാക്കണം.
കോടതി വഴി കൈക്കൊള്ളേണ്ട നടപടികൾ
1- ശൈശവ വിവാഹം തടയാൻ മജിസ്ട്രേറ്റുമാർക്ക് സ്വമേധയാ നടപടിക്ക് അധികാരം നൽകണം
2- ശൈശവ വിവാഹ കേസുകൾക്കായി അതിവേഗ കോടതി
3- അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി
സമൂഹ പങ്കാളിത്തം
1- വാർഷിക കർമ പദ്ധതിയും സമുദായങ്ങൾ കേന്ദ്രീകരിച്ചുള്ള ശാക്തീകരണവും
2-ശൈശവ വിവാഹ മുക്ത ഗ്രാമങ്ങളെ ദത്തെടുക്കൽ
ബോധവത്കരണ കാമ്പയിനുകൾ
1- സ്കൂളുകളിലും മതസ്ഥാപനങ്ങളിലും പഞ്ചായത്തുകളിലും ബോധവത്കരണ കാമ്പയിനുകൾ
2-സമഗ്രമായ അവകാശ, ലൈംഗിക വിദ്യാഭ്യാസം
3- പഠന ബോധവത്കരണ സഹായ ഉപകരണങ്ങളും വസ്തുക്കളും
4-പ്രത്യേകം ലക്ഷ്യംവെച്ചുള്ള സമുദായ ബോധവത്കരണ കാമ്പയിനുകൾ
5-പെൺകുട്ടികൾക്കും യുവതികൾക്കും ശാക്തീകരണ പരിപാടികൾ
6-ബോധവത്കരണത്തിനും റിപ്പോർട്ടിങ്ങിനും ഹെൽപ് ലൈൻ
പരിശീലന, ശാക്തീകരണ നടപടികൾ
1-കമ്യൂണിറ്റി ആരോഗ്യ പ്രവർത്തകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും പരിശീലനം
2-പൊലീസിനും ജഡ്ജിമാർക്കും പരിശീലനം
3- അധ്യാപകരുടെയും സ്കൂൾ അഡ്മിനിസ്ട്രേഷന്റെയും ശാക്തീകരണം
4-പ്രാദേശിക നേതാക്കളുടെയും സമൂഹത്തിലെ സ്വാധീനമുള്ളവരുടെയും ശാക്തീകരണം
5-സർക്കാറേതര സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം
6-ആരോഗ്യസേവന ദാതാക്കൾക്ക് പരിശീലനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.