കുട്ടികൾ രക്ഷിതാക്കളുടെ സ്വകാര്യ സ്വത്തുക്കളല്ല; മകളുടെ വിവാഹം അംഗീകരിക്കൂ - സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: മക്കള്‍ രക്ഷിതാക്കളുടെ സ്വകാര്യ സ്വത്തുക്കളല്ലെന്ന് സുപ്രീം കോടതി. മകളുടെ പങ്കാളിക്കെതിരെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാഹ സമയത്ത് മകൾക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. വിവാഹ സമയത്ത് പെണ്‍കുട്ടി പ്രായപൂര്‍ത്തി ആയിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കള്‍ക്ക് മകളുടെ വിവാഹം അംഗീകരിക്കാനാകാത്തത് കൊണ്ടാണ് ഹരജിയുമായെത്തിയതെന്നും കോടതി പറഞ്ഞു.
നിങ്ങളുടെ കുട്ടിയെ സ്വകാര്യ സ്വത്തായി കരുതുന്നത് കൊണ്ടാണ് മകളുടെ വിവാഹം അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്തതെന്ന് കോടതി പറഞ്ഞു. ആർക്കും ആരെയും തടവിലാക്കാന്‍ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കള്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റും കോടതി പരിഗണിച്ചില്ല.ഹൈകോടതി ഉത്തരവില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മകളുടെ വിവാഹം അംഗീകരിക്കൂ എന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് മഹിദ്‌പൂര്‍ സ്വദേശി നല്‍കിയ ഹരജി, പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും സ്വന്തം ഇഷ്‌ടപ്രകാരം യുവാവിനെ വിവാഹം കഴിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാറിന് മധ്യപ്രദേശ് ഹൈകോടതി തള്ളിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.