തുടർ ചികിത്സക്ക് പണമില്ല; യു.പിയിൽ മൂന്നുവയസുകാരി ആശുപത്രിക്ക് പുറത്ത് പുഴുവരിച്ച് മരിച്ചു
text_fieldsപ്രയാഗ്രാജ്: ചികിത്സിക്കാൻ പണമില്ലാത്തതിനെതുടർന്ന് മൂന്നുവയസുകാരി യു.പിയിൽ ആശുപത്രിക്ക് പുറത്ത് പുഴുവരിച്ച് മരിച്ചു. സംഭവം വിവാദമായതിനെതുടർന്ന് കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ ശിശു അവകാശ സംഘടന ശനിയാഴ്ച രംഗത്തെത്തി. ബില്ലുകൾ അടയ്ക്കാൻ കഴിയാത്തതിനാൽ ശസ്ത്രക്രിയാ മുറിവുകൾ തുറന്നിടുകയും ശ്രദ്ധിക്കപ്പെടാതിരിക്കുകയും ചെയ്തതാണ് അണുബാധക്കും കുട്ടിയുടെ മരണത്തിനും കാരണമായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പ്രയാഗ്രാജിലെ യുനൈറ്റഡ് മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. ചികിത്സക്കായി അഞ്ച് ലക്ഷം രൂപയാണ് ആശുപത്രി ആവശ്യപ്പെട്ടതെന്നും പണം നൽകാൻ കഴിയാതെവന്നപ്പോൾ ശസ്ത്രക്രിയാ മുറിവുകൾ തുന്നിക്കെട്ടാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നെന്നും മാതാപിതാക്കൾ പറയുന്നു. ഫെബ്രുവരി 16നാണ് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും തുടർന്ന് ഓപ്പറേഷന് വിധേയനാക്കിയെന്നും പ്രാഥമിക അന്വേഷണത്തിനുശേഷം അഡീഷണൽ പോലീസ് സൂപ്രണ്ട് സമർ ബഹാദൂർ പറഞ്ഞു.
പണമില്ലാത്തതിനെ തുടർന്ന് കുട്ടിയെ പിന്നീട് എസ്‌ആർഎം ആശുപത്രിയിലേക്ക് റഫർ ചെയ്തതായും പോലീസ് സൂപ്രണ്ട് പറഞ്ഞു. മുറിവുകൾ തുന്നിക്കെട്ടാതെയാണ് കുട്ടിയെ ആശുപത്രിയിൽ നിന്ന് വിട്ടത്. സംഭവത്തെ കുറിച്ച് കുട്ടിയുടെ അച്ഛൻ സംസാരിക്കുന്ന വീഡിയോയാണ് നിലവിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോയിൽ കുട്ടി വേദനകൊണ്ട് പുളയുന്നതും കാണാനാകും. 'മുഴുവൻ പണവും എടുത്ത ശേഷം ഡോക്ടർ മകളെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. പിന്നീട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. അത്രയും പണം കയ്യിലില്ലായിരുന്നു. അവൻ ആവശ്യപ്പെട്ട ബാക്കിയെല്ലാം ഞങ്ങൾ നൽകി. അദ്ദേഹം മൂന്ന് തവണ രക്തം ചോദിച്ചു. ഞങ്ങൾ അത് നൽകി' -പിതാവ് പറയുന്നു. മറ്റൊരു ക്ലിപ്പിൽ ഈച്ചകൾ തിങ്ങിനിറഞ്ഞ മുറിവ് പിതാവ് കാണിക്കുന്നുണ്ട്.
മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തതായി യുനൈറ്റഡ് മെഡിസിറ്റി ഹോസ്പിറ്റൽ അധികൃതർ പറയുന്നു. തുടർന്ന് കുട്ടിയെ പ്രത്യേക സർക്കാർ കേന്ദ്രത്തിലേക്ക് റഫർ ചെയ്തതായും 15 ദിവസം വരെ പെൺകുട്ടി അവിടെ ചെലവഴിച്ചതായും അവർ പറഞ്ഞു. 1.2 ലക്ഷം രൂപ ബില്ലുണ്ടായിട്ടും 6,000 രൂപ മാത്രമാണ് ഈടാക്കിയതെന്നും ആശുപത്രി മെഡിക്കൽ ഡയറക്ടർ പ്രമോദ് കുമാർ എൻഡിടിവിയോട് പറഞ്ഞു.കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷൻ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീഴ്ച ഉണ്ടായെന്ന് തെളിഞ്ഞാൽ ഡോക്ടർമാർക്കെതിരേ കർശന നടപടി എടുക്കുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരും അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.