പാർട്ടി അജണ്ടകൾ നടപ്പാക്കാൻ കുട്ടികളെ ദുരുപയോഗം ചെയ്തു, എ.എ.പി നേതാവ് അതിഷിക്കെതിരെ കേസെടുക്കാൻ നിർദേശം
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് അതിഷിക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമീഷൻ. ബി.ജെ.പി നേതാവ് മനോജ് തിവാരിയുടെ പരാതിയിലാണ് അതിഷിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമീഷൻ ഡൽഹി ചീഫ് സെക്രട്ടറിക്കും പൊലീസ് കമീഷണർക്കും കത്തയച്ചത്. വ്യക്തി അജണ്ടകൾക്ക് വേണ്ടി കുട്ടികളെ ദുരുപയോഗം ചെയ്തുവെന്നാണ് അതിഷിക്കെതിരായ ആരോപണം.
ഡൽഹി എജുക്കേഷൻ ടാസ്ക് ഫോഴ്സ് അതിഷി സിങ്ങിന്റെ നിർദേശ പ്രകാരം സ്കൂളുകളിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ വ്യക്തിഗത അജണ്ടകൾക്കും പാർട്ടി പ്രചാരണങ്ങൾക്കും വേണ്ടി ദുരുപയോഗം ചെയ്തുവെന്ന് ആരോപണമുണ്ട്. ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
ഡൽഹി മദ്യ നയക്കേസിൽ പ്രതിയായ മുൻ ഉപമുഖ്യമന്ത്രി സിസോദിയയുടെ വിഷയത്തില നിന്ന് ശ്രദ്ധ തെറ്റിക്കാൻ വേണ്ടിയാണ് ചെറിയ കുട്ടികളെ ഉപയോഗിച്ചതെന്നും കത്തിൽ കമീഷൻ ആരോപിക്കുന്നു.
തിവാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കമീഷൻ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളായ ശൈലേഷ്, രാഹുൽ തിവാരി, ടാസ്‌ക് ഫോഴ്‌സ് അംഗവും മൈത്രേയി കോളജ് ചെയർപേഴ്‌സണുമായ വൈഭവ് ശ്രീവാസ്തവ്, ടാസ്‌ക് ഫോഴ്‌സ് അംഗവും ഉദ്യോഗസ്ഥനുമായ താരിഷി ശർമ്മ എന്നിവർക്കെതിരെയും കേസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
‘ദേശീയ തലസ്ഥാനം കുട്ടികളുടെ അവകാശ ലംഘനത്തിന് സാക്ഷ്യം വഹിക്കുകന്നു. മനീഷ് സിസോദിയയുടെ അറസ്റ്റിന് ശേഷം രാഷ്ട്രീയ നേട്ടത്തിനായി എ.എ.പി സംഭവങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണെന്നും തിവാരി പരാതിയിൽ വ്യക്തമാക്കി.
സിസോദിയക്ക് ഇളവ് നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് ശേഷം പാർട്ടിക്ക് മുന്നിൽ മറ്റ് വഴികളില്ലാത്തതിനാലാണ് എ.എ.പി അങ്ങനെ ചെയ്യുന്നതെന്നും തിവാരി ആരോപിച്ചു.
അധികാരവും സ്ഥാനവും ഉപയോഗിച്ച് പ്രിൻസിപ്പൽമാരെയും സ്‌കൂൾ മേധാവികളെയും സമ്മർദത്തിലാക്കുകയാണ്, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളുമായി ഏകോപിപ്പിക്കുന്നതിന് കമ്മിറ്റികൾ രൂപീകരിക്കുന്നുവെന്നും അത്തരം പരിപാടികൾ നടത്തുന്നതിന് സർക്കാർ വിഭവങ്ങൾ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്ത്രി പാർക്കിലെ സർവോദയ കന്യാ വിദ്യാലയത്തിൽ സിസോദിയക്ക് അനുകൂലമായി പോസ്റ്ററുകൾ പതിച്ചതിനെ തുടർന്ന് ഡൽഹി പ്രിവൻഷൻ ഓഫ് ഡിഫേസ്മെന്റ് ഓഫ് പ്രോപ്പർട്ടി ആക്ട് പ്രകാരം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ഗസാലക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു.
എക്‌സൈസ് നയത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച കേസിന്റെ അന്വേഷണത്തിലാണ് കഴിഞ്ഞ ഞായറാഴ്ച സിസോദിയയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.