കുട്ടിടീച്ചർ സുഹൈമ തിരക്കിലാണ്
text_fieldsമുംബൈ: ചില്ലറക്കാരിയല്ല സുഹൈമ ബൻഗാര. പഠിക്കുന്നത് ഏഴിലെങ്കിലും ഇൗ 12കാരി ലക്ഷണമൊത്തൊരു അധ്യാപികയാണ്. നിമിഷകവിയും. സ്വന്തമായി യുട്യൂബ് ചാനലുണ്ടാക്കി പഠിപ്പിക്കുകയാണ് മഹാരാഷ്ട്രയിലെ ഒന്നാം ക്ലാസുകാരുടെ പ്രിയപ്പെട്ട ഇൗ ടീച്ചർ. കുട്ടികളോട് ഏറെ പ്രിയമുള്ള സുഹൈമയുടെ ആഗ്രഹം കുട്ടികളുടെ ഡോക്ടറാകാനാണെങ്കിലും അധ്യാപനത്തോടും ഇഷ്ടത്തിലാണ്. അനുജത്തിക്കും അയലത്തെ കുഞ്ഞുങ്ങൾക്കും ഒപ്പമുള്ള 'ടീച്ചറും കുട്ടികളും' കളിയാണിന്ന് കാര്യമായത്. മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡിന്റെ സിലബസ് പ്രകാരം ഒന്നാം ക്ലാസുകരെ കണക്കും ഇംഗ്ലീഷും പഠിപ്പിക്കുന്ന തിരക്കിലാണവൾ.
മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിലുള്ള അലിബാഗിൽ സ്ഥിരതാമസക്കാരായ കാസർകോട്, നെല്ലിക്കുന്ന് സ്വദേശി ബൻഗാര കുടുംബത്തിലെ സലിം അലിബാഗിന്റെയും റുക്ഷാനയുടെയും മകളാണ് സുഹൈമ. മഹാരാഷ്ട്ര യൂത്ത് ലീഗ് സെക്രട്ടറിയാണ് സലിം. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് പരിസരത്തെ കുട്ടികളെ സുഹൈമ വീട്ടിലിരുത്തി പഠിപ്പിക്കാൻ തുടങ്ങിയത്. നാലാം തരക്കാരെ വരെ പഠിപ്പിച്ചിരുന്നു. കോവിഡും ലോക്ഡൗണും വന്നതോടെ അതു മുടങ്ങി. തുടർന്ന് ജ്യേഷ്ഠൻ റസീനും അനുജത്തിമാരായ രേഹാന, സ്വിയ്യ എന്നിവരുമൊത്ത് 'കാപ്പുചീനോ ബ്രോ സിസ്' എന്ന പേരിൽ യുട്യൂബ് ചാനലുണ്ടാക്കി.
ആശയങ്ങൾ സുഹൈമയെങ്കിൽ സാങ്കേതിക കാര്യങ്ങൾ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ റസീനും. റോഡുകളുടെ അവസ്ഥയെ കുറിച്ചുള്ള റാപ്പായിരുന്നു അതിൽ ശ്രദ്ധേയം. അതിലെ ഹിന്ദിവരികൾ സുഹൈമയുടേത്. ജൂണിലാണ് തന്റെ അധ്യാപനം യുട്യൂബിലേക്ക് മാറ്റാൻ അവൾ തീരുമാനിച്ചത്. വീട്ടുകാർ കട്ട സപ്പോർട്ട്. പുലർച്ച ഏഴുന്നേറ്റ് ഒരധ്യായം കാമറയെ പഠിപ്പിക്കും. പിന്നെ സ്വന്തം ഒാൺലൈൻ ക്ലാസിലേക്ക്. അതു കഴിഞ്ഞ് ഉച്ചക്ക് രണ്ടിന് രാവിലത്തെ അധ്യാപനത്തിന്റെ എഡിറ്റിങ്ങും അപ്ലോഡിങ്ങും. 12ലേറെ അധ്യായങ്ങൾ ഇതിനകം അവൾ പഠിപ്പിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.