പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ കുട്ടികളെ പങ്കെടുപ്പിച്ചു; മൂന്ന് സ്കൂളുകൾക്കെതിരെ കേസ്
text_fieldsകോയമ്പത്തൂർ: മാർച്ച് 18ന് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച മൂന്ന് സ്വകാര്യ സ്കൂളുകൾക്കെതിരെ കോയമ്പത്തൂർ സിറ്റി പൊലീസ് കേസെടുത്തു. ചിന്മയ മെട്രിക്കുലേഷൻ സ്‌കൂൾ, വടവള്ളി ചിന്മയ സി.ബി.എസ്.ഇ സ്‌കൂൾ, ആർ.എസ് പുരത്തെ ചിന്മയ സ്‌കൂൾ എന്നിവക്കെതിരെയാണ് കേസ്.
മൂന്ന് സ്‌കൂളിലെയും 22 വിദ്യാർഥികളെ ഹിന്ദു ദൈവങ്ങളുടെ വേഷവും പാർട്ടി ചിഹ്നങ്ങളുള്ള കാവി വസ്ത്രങ്ങളും ധരിപ്പിച്ച് റോഡ് ഷോയിൽ പങ്കെടുപ്പിച്ചതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പും അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസറും സ്കൂളുകൾക്ക് നോട്ടീസ് അയച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ ബുധനാഴ്ച രാത്രി സായിബാബ കോളനി പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് ഇൻസ്പെക്ടർ ശരവണൻ അന്വേഷണം നടത്തി മൂന്ന് സ്കൂളുകൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 75 പ്രകാരം വ്യാഴാഴ്ച രാത്രി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സായിബാബ കോവിൽ പരിസരത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് സ്‌കൂളിനെതിരെ ചൊവ്വാഴ്ച കേസെടുത്തിരുന്നു.
വിദ്യാർഥികൾ പങ്കെടുത്ത സംഭവത്തിൽ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി ജില്ല പ്രസിഡന്‍റ് രമേശ് കുമാറിന് കോയമ്പത്തൂർ മണ്ഡലത്തിലെ ഉപവരണാധികാരി പി. സുരേഷ് ആണ് നോട്ടീസ് അയച്ചത്.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കാനുണ്ടായ കാരണം വിശദീകരിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. എന്നാൽ, പ്രധാനമന്ത്രിയെ കാണാനുള്ള താൽപര്യം കാരണം കുട്ടികൾ സ്വമേധയാ വന്നതെന്നാണ് സംഭവത്തെ കുറിച്ച് രമേശ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.