വിവാഹമോചിതരായ സ്ത്രീകൾ വളർത്തിയ മക്കൾക്ക് മാതാവിന്‍റെ ജാതി സ്വീകരിക്കാം -ബോംബെ ഹൈകോടതി
text_fieldsമുംബൈ: വിവാഹമോചിതരായ സ്ത്രീകളുടെ പരിചരണത്തിൽ വളരുന്ന മക്കൾക്ക് അവരുടെ അമ്മയുടെ ജാതിപ്പേര് സ്വീകരിക്കാമെന്ന് ബോംബെ ഹൈകോടതി. 20കാരിയായ യുവതി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.
1993ൽ വിവാഹിതരായ യുവതിയുടെ മാതാപിതാക്കൾ 2009ലാണ് വിവാഹ മോചനം നേടുന്നത്. അന്ന് ഹരജിക്കാരിക്ക് ഏഴ് വയസ് തികഞ്ഞിരുന്നില്ല. തുടർന്ന് ഹരജിക്കാരിയടക്കം രണ്ടു മക്കളും അവരുടെ മാതാവിന്‍റെ പരിചരണത്തിലായിരുന്നു. മഹർ ജാതിയുടെ ആചാരങ്ങളും പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ചാണ് ഹരജിക്കാരിയുടെ അമ്മ വളർന്നതെന്നും തന്നെയും അതനുസരിച്ചാണ് വളർത്തിയതെന്നും ഹരജിയിൽ പറയുന്നു.
കേസിൽ ജാതി സൂക്ഷ്മപരിശോധനാ കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ ഹൈകോടതി കേസ് വീണ്ടും പരിശോധിക്കാൻ സമിതിയോട് ആവശ്യപ്പെട്ടു. അപേക്ഷക അവരുടെ അമ്മയുടെ പരിചരണത്തിലാണ് വളർന്നതെന്നും വിവാഹമോചനത്തിന് ശേഷം പിതാവ് തന്റെ രണ്ട് മക്കളുടെയും ക്ഷേമമന്വേഷിച്ചിട്ടില്ലെന്നും വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തി. ഹരജിക്കാരി ഉൾപ്പെടെയുള്ള കുട്ടികളെ പിതൃഭവനത്തിൽ നിന്ന് ആരും സന്ദർശിക്കുകയോ ഇരുവരും പിതൃ ബന്ധുക്കളെ തിരിച്ചറിയുകയോ ചെയ്തിട്ടില്ലെന്നും വിജിലൻസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു.
അപേക്ഷകയെ ഒന്നാം ക്ലാസിൽ സ്‌കൂളിൽ ചേർത്തപ്പോൾ അമ്മ മഹർ എന്ന ജാതിയാണ് സമർപ്പിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി. കുട്ടികളുടെ മുത്തച്ഛൻ മഹർ ജാതിയുടെ ആചാരങ്ങളും പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ തെളിവുകളിലൂടെ മഹർ ജാതിയിൽ പെട്ടയാളാണ് താനെന്ന് അവകാശപ്പെടാൻ സാധിക്കുമെന്ന് ജസ്റ്റിസുമാരായ എസ്.ബി ശുക്രെ, ജി.എ സനപ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
അമ്മയുടെതിന് സമാനമായ അവഗണനക്കും പിന്നാക്കാവസ്ഥക്കും ഹരജിക്കാരി വിധേയയായിട്ടുണ്ടെന്നും പിതാവിന് പകരം അമ്മയുടെ ജാതി സ്വീകരിക്കാൻ അവൾക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.